ആലപ്പുഴ: ഐടി കമ്പനിയുടെ പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ ടാസ്കുകൾ നൽകി പത്തുലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ തെജ്ബത്ത് (33), മുഹമ്മദ് ഹനീഫ് (23), മുഹമ്മദ് ഫാദിൽ (22) എന്നിവരെയാണ് വെൺമണി പൊലീസ് പിടികൂടിയത്.
ഇൻസ്റ്റഗ്രാമിൽ എൻഎസ്ഇ കമ്പനിയുടെ പ്രതിനിധികളാണെന്ന പേരിൽ നൽകിയ പരസ്യം കണ്ടാണ് വെൺമണി സ്വദേശിനി പ്രതികളുമായി ബന്ധപ്പെടുന്നത്. പരസ്യത്തിൽ നൽകിയ വാട്‌സ്ആപ്പ് നമ്പറിലേക്ക് സന്ദേശമയച്ച യുവതിയെ തുടർന്ന് ടെലിഗ്രാം ഗ്രൂപ്പുകളിൽ ചേർക്കുകയും വിവിധ ഓൺലൈൻ ടാസ്കുകൾ നൽകുകയും ചെയ്തു. ആദ്യം വിശ്വാസം നേടിയ ശേഷം ക്യൂആർ കോഡുകൾ, ഫോൺപേ, വിവിധ ബാങ്ക് അക്കൗണ്ടുകൾ എന്നിവ വഴി പലതവണയായി പണം കൈമാറാൻ പ്രേരിപ്പിച്ചാണ് പ്രതികൾ ഏകദേശം 10 ലക്ഷം രൂപ തട്ടിയെടുത്തത്.
വെൺമണി സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് പി.യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു ഡി., സിവിൽ പൊലീസ് ഓഫീസർമാരായ വിജേഷ്, വിശാഖ് തമ്പി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വിദേശയാത്രകൾ ഉൾപ്പെടെ ആഡംബര ജീവിതം നയിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തട്ടിപ്പുസംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.













