മുംബൈ: ശക്തമായ മഴയെ തുടർന്ന് മുംബൈയും സമീപ പ്രദേശങ്ങളും പ്രതിസന്ധിയിലായി. കനത്ത വെള്ളക്കെട്ടിനെ തുടർന്ന് മുംബൈയെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെട്ടു.
പുതുതായി തുറന്ന മുംബൈ- പുണെ എക്‌സ്പ്രസ് വേയിലെ ബൈപാസിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് വാഹന ഗതാഗതം വഴിതിരിച്ചുവിട്ടു. മുംബൈ-അഹമ്മദാബാദ് ഹൈവേയിലും കൊങ്കൺ മേഖലയിലും വെള്ളപ്പൊക്കം രൂക്ഷമായതോടെ നിരവധി യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. റെയിൽവേ പാതകളിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് പുണെ-മുംബൈ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. ഗുജറാത്തിൽ നിന്നുള്ള ചില ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തു.
മഴക്കെടുതിയിൽ മുംബൈ, പുണെ മേഖലകളിലായി ഇതുവരെ 13 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. പുണെയിലെ മാവലിൽ മണ്ണിടിച്ചിലിൽ വീട് തകർന്നാണ് രണ്ട് പേർ മരിച്ചത്. ഖേദിൽ വെള്ളപ്പൊക്കത്തിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. താനെ, പാൽഘർ ജില്ലകളിലും ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി.
കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്ര നിയമസഭയുടെ ഇരുസഭകളും താൽക്കാലികമായി നിർത്തിവച്ചു. യാത്രാ തടസ്സം കാരണം കോടതിയിൽ എത്താൻ കഴിയാത്ത അഭിഭാഷകർക്കെതിരെ പ്രതികൂല ഉത്തരവുകൾ പുറപ്പെടുവിക്കില്ലെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു. മുംബൈ, താനെ, റായ്ഗഡ്, നാസിക് തുടങ്ങിയ പ്രദേശങ്ങളിൽ അടുത്ത രണ്ട് ദിവസത്തേക്ക് കൂടി കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


