കൊല്ലം: തിരഞ്ഞെടുപ്പ് ഫണ്ട് ചെലവിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടർന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിൽ പുതിയ വിവാദം. സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള ചില നേതാക്കൾക്കെതിരെയാണ് കമ്മീഷൻ വാങ്ങിയെന്ന പരാതി ഉയർന്നിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടികൾ, തൊപ്പികൾ, ഷാളുകൾ, അലങ്കാര സാമഗ്രികൾ എന്നിവ വാങ്ങിയതിൽ വലിയ തുക കമ്മീഷൻ വാങ്ങിയെന്നാണ് ആരോപണം. ഹെലികോപ്റ്റർ, വാഹന വാടക എന്നിവയിലും സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതിയുണ്ട്.
ഇതിനിടെ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ മൂന്ന് നേതാക്കളെ ചുമതലയിൽ നിന്ന് നീക്കിയെന്ന തരത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ പേരിൽ ഒരു സർക്കുലർ പ്രചരിച്ചു. എന്നാൽ ഇത് വ്യാജമാണെന്ന് അദ്ദേഹം വിശദീകരണക്കുറിപ്പിലൂടെ അറിയിച്ചു. എന്നിരുന്നാലും പാർട്ടിക്കുള്ളിൽ ഫണ്ട് വിവാദം തുടരുകയാണ്.
സംസ്ഥാന സെക്രട്ടറിയും ട്രഷററും തമ്മിൽ വിഷയത്തെ ചൊല്ലി വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ആരോപണവുമായി ബന്ധപ്പെട്ട അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് നേതൃത്വത്തിന് റിപ്പോർട്ട് നൽകിയതായും വിവരം ഉണ്ട്. കൊടകര കുഴൽപ്പണ കേസ് വിവാദത്തിന് ശേഷം ഇത്തവണ ക്വട്ടേഷൻ വിളിച്ചാണ് പ്രചാരണ സാമഗ്രികൾ വാങ്ങിയത്. എന്നിട്ടും ക്രമക്കേട് ആരോപണം ഉയർന്നത് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഏകദേശം 1.75 കോടി രൂപയുടെ പ്രചാരണ സാമഗ്രികൾ വാങ്ങിയ കരാറിലാണ് കമ്മീഷൻ ആരോപണം ഉയർന്നത്. കരാർ ലഭിച്ച ഉത്തരേന്ത്യൻ സ്ഥാപനം തിരുവനന്തപുരം ജില്ലയിലെ ചില നേതാക്കളുമായി ബന്ധപ്പെട്ടതാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട മറ്റൊരു സ്ഥാപനം എത്തിച്ച പ്രചാരണ സാമഗ്രികൾ ഉപയോഗിക്കാതെ വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.












