വയനാട്: കള്ളാടിയിലെ മണ്ണിടിച്ചിലിൽ കാണാതായ ഹിമാചൽ പ്രദേശ് സ്വദേശി ബിക്രം സിങ് റാണയെ കണ്ടെത്തുന്നതിനായി ഇന്നും വ്യാപകമായ തിരച്ചിൽ തുടരും. സോൺ ഒന്ന്, രണ്ട് മേഖലകൾ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തക സംഘം പരിശോധന നടത്തുന്നത്.
ഇന്നലെ മണ്ണിടിച്ചിൽ പ്രദേശത്തിന് സമീപത്തെ മീനാക്ഷി പാലത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ താഴെയായി ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. പശ്ചിമ ബംഗാൾ സ്വദേശിയും നിർമാണ കമ്പനിയിലെ സർവേയറുമായ രാഗേഷ് ഗുചെയ്തിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ഇതോടെ കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി.
അപകടസ്ഥലത്തെ മണ്ണും അവശിഷ്ടങ്ങളും സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വിലയിരുത്താൻ സംസ്ഥാന സർക്കാർ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. കാലിക്കറ്റ് എൻഐടി പ്രൊഫസർ ഡോ. സന്തോഷ് ജി. തമ്പി, പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. ജൂഡ് ഇമ്മാനുവൽ, എൻസിഇഎസ്എസ് ഡയറക്ടറുടെ പ്രതിനിധി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ജില്ലാ കളക്ടറുടെ അഭ്യർഥനയെ തുടർന്നാണ് സാങ്കേതിക സഹായത്തിനായി സമിതിയെ നിയോഗിച്ചത്. അംഗങ്ങൾ സ്ഥലം സന്ദർശിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ശാസ്ത്രീയ പ്രവർത്തന പദ്ധതി തയ്യാറാക്കും.
അതേസമയം, കള്ളാടി മണ്ണിടിച്ചിൽ അപകടവുമായി ബന്ധപ്പെട്ട് കരാർ നിർമാണ കമ്പനിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഖനനം ചെയ്ത മണ്ണും നിർമാണ അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ ദുരന്തനിവാരണ അതോറിറ്റി മെയ് 26നും ജൂൺ 4നും നിർദേശം നൽകിയിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പരിസ്ഥിതി അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കമ്പനി പാലിച്ചോയെന്നതും പരിശോധിച്ചുവരികയാണ്.
അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാചെലവും കൂട്ടിരിപ്പുകാരുടെ ചെലവും സർക്കാർ വഹിക്കണമെന്നും പ്രഖ്യാപിച്ച ധനസഹായം എത്രയും വേഗം വിതരണം ചെയ്യണമെന്നും ഹൈക്കോടതി നിർദേശിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കാലതാമസമില്ലാതെ വിട്ടുനൽകാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.



