ബെൽജിയത്തെ വീഴ്ത്തി സ്‌പെയിൻ ഫിഫ ലോകകപ്പ് സെമി ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പാനിഷ് പടയുടെ ജയം. സെമി പോരാട്ടത്തിൽ കരുത്തരായ ഫ്രാൻസാണ് എതിരാളികൾ. പതിവ് പോലെ പാസുകളുടെ പെരുമഴ തീർത്താണ് സ്‌പെയിൻ കളം നിറഞ്ഞത്. മത്സരത്തിലുടനീളം തൊണ്ണൂറ്റിയൊന്ന് ശതമാനം കൃത്യതയോടെ സ്പാനിഷ് നിര കൈമാറിയത് 663 പാസുകളായിരുന്നു. പരുക്കേറ്റ പെഡ്രിക്ക് പകരം ആദ്യ ഇലവനിൽ സ്ഥാനം പിടിച്ച ഫാബിയാൻ റൂയിസിലൂടെ മുപ്പതാം മിനിറ്റിൽ ആദ്യ ഗോൾ നേടി. ജെറമി ഡോക്കുവിലൂടെ ബെൽജിയം നടത്തിയ കൗണ്ടർ അറ്റാക്കുകൾ എല്ലാം സ്പാനിഷ് പ്രതിരോധത്തിൽ തട്ടി തെറിച്ചു. എന്നാൽ 41ആം മിനിറ്റിൽ കെറ്റലെരെയുടെ തകർപ്പൻ ഹെഡർ ഗോളിലൂടെ ബെൽജിയം സമനില പിടിച്ചു.
രണ്ടാം പകുതിയിൽ സ്‌പെയിൻ ആക്രമണം കടുപ്പിച്ചു. 59ആം മിനിറ്റിൽ ലുക്കാക്കുവിനെ ബെൽജിയം കളത്തിലിറക്കിയെങ്കിലും കാര്യമുണ്ടായില്ല. മത്സരത്തിന് തൊട്ടുമുമ്പ് ക്യാപ്റ്റൻ യൂറി ടീലേമൻസ് പരുക്കേറ്റ് പുറത്തായതും ബെൽജിയത്തിന്റെ കണക്ക് കൂട്ടൽ തെറ്റിച്ചു. തന്റെ അവസാന ലോകകപ്പ് മത്സരത്തിൽ കോർട്ടോയിസ് നടത്തിയ സേവുകളാണ് സ്‌പെയിന് മുന്നിൽ ബെൽജിയത്തെ പിടിച്ചുനിർത്തിയത്. 71ആം മിനിറ്റിൽ പരുക്കേറ്റ് കോർട്ടോയിസ് കളം വിട്ടത് ബെൽജിയത്തിന് വലിയ തിരിച്ചടിയായി. പോർച്ചുഗലിനെതിരെ രക്ഷകനായ മിഖേൽ മൊറിനോ വീണ്ടും അവതരിച്ചു. തകർപ്പൻ ഗോളിൽ ബെൽജിയത്തിന്റെ നെഞ്ചുതകർത്ത് സ്‌പെയിൻ സെമി ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു. ഇനി ആരാധകർ സൂപ്പർ സെമിയുടെ ആവേശത്തിലാണ്. ബുധനാഴ്ച്ച രാത്രി 12:30ന് നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ സ്‌പെയിൽ ഫ്രാൻസിനെ നേരിടും.











