പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്കായി നടത്തിയ ഡ്രോൺ സർവേ വിവാദമാകുന്നു. പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം കലമണ്ണിലിന്റെ നേതൃത്വത്തിലാണ് ഡൽഹിയിൽ നിന്നുള്ള വിദഗ്ധ ഏജൻസിയെ എത്തിച്ച് സർവേ നടത്തിയതെന്നാണ് വിവരം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെയാണ് സർവേ നടത്തിയതെന്ന ആരോപണവുമായി സിപിഐഎമ്മും സിപിഐയും രംഗത്തെത്തി. മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനും നേരത്തെ ഭൂമാഫിയാ ഇടപെടലുകൾക്കെതിരെ പ്രതികരിച്ചിരുന്നു.
ആറന്മുള എംഎൽഎയായി ചുമതലയേറ്റതിന് പിന്നാലെ വിമാനത്താവള പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് പഠനം നടത്തുമെന്ന് അബിൻ വർക്കി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രോൺ സർവേ നടന്നത്.
ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് സർവേ നടത്തിയതെന്ന് സിപിഐ നേതാവ് പി. പ്രസാദ് എംഎൽഎ ആരോപിച്ചു. ജനവിധിയുടെ പേരിൽ എന്തും ചെയ്യാനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷമായി നടക്കാതിരുന്ന സർവേ ഇപ്പോൾ നടത്തുന്നതിന് പിന്നിൽ എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണകൂടത്തിന്റെയും അതുമായി ബന്ധപ്പെട്ടവരുടെയും പിന്തുണയോടെയാണ് ഭൂമാഫിയയുടെ ഇടപെടലെന്നും പി. പ്രസാദ് ആരോപിച്ചു. ജനവിധി കച്ചവട താൽപര്യങ്ങൾക്ക് ഉപയോഗിക്കാനുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഡ്രോൺ സർവേക്കെതിരെ കൊടുമൺ ആക്ഷൻ കമ്മിറ്റിയും രംഗത്തെത്തി. നടപടിക്ക് പിന്നിൽ ഭൂമാഫിയയുടെ ഇടപെടലുണ്ടെന്നാണ് കമ്മിറ്റിയുടെ ആരോപണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ എങ്ങനെ സർവേ നടത്താനാകുമെന്ന് കമ്മിറ്റി ചോദിച്ചു.
വിമാനത്താവളം വരേണ്ടത് കൊടുമണ്ണിലാണെന്നും അവിടെ 1200 ഹെക്ടർ ഭൂമി ലഭ്യമാണെന്നും കൊടുമൺ എയർപോർട്ട് സമിതി വ്യക്തമാക്കി. സർക്കാർ ഭൂമിയായതിനാൽ കുടിയൊഴിപ്പിക്കൽ ഭീഷണിയില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. ആറന്മുള പദ്ധതിക്കെതിരെ മുഖ്യമന്ത്രിയെ സമീപിക്കുമെന്നും ആക്ഷൻ കമ്മിറ്റി അറിയിച്ചു.
അതേസമയം, സംസ്ഥാന സർക്കാരിന് പദ്ധതിയോട് പൂർണ പിന്തുണയുണ്ടെന്ന് മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം കലമണ്ണിൽ അവകാശപ്പെട്ടു. സർക്കാർ അനുമതിയോടെ രണ്ടാംഘട്ട സർവേ നടത്തുമെന്നും ആരെയും കുടിയൊഴിപ്പിക്കാതെയും ആറന്മുള ക്ഷേത്രത്തെ ബാധിക്കാതെയും പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2004ലാണ് ആറന്മുള വിമാനത്താവള പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചത്. 2011ൽ ഉമ്മൻചാണ്ടി സർക്കാർ പ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. എന്നാൽ ജനകീയ പ്രതിഷേധങ്ങൾ ശക്തമായതോടെ 2014ൽ ദേശീയ ഹരിത ട്രിബ്യൂണൽ പദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കി. പിന്നീട് സുപ്രീം കോടതി ഹരിത ട്രിബ്യൂണലിന്റെ നിലപാട് ശരിവച്ചതോടെ പദ്ധതി നിലച്ചിരുന്നു.


