ഇസ്ലാമാബാദ്: ജമ്മു കശ്മീരിനെ ഇന്ത്യയുടെ ‘അവിഭാജ്യ ഘടകം’ എന്ന് വിശേഷിപ്പിച്ച ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി പാകിസ്ഥാന് രംഗത്ത്. സംഭവത്തില്‍ പാകിസ്ഥാന് ഇസ്ലാമാബാദിലെ യുഎസ് നയതന്ത്രജ്ഞന് നതാലി ബേക്കറെ വിളിച്ചുവരുത്തി ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു. കശ്മീര്‍ തര്‍ക്ക വിഷയത്തില്‍ അമേരിക്കയുടെ നിലപാടിന് വിരുദ്ധമാണ് ഈ പരാമര്‍ശമെന്ന് പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
ജമ്മു കശ്മീര്‍ അന്താരാഷ്ട്ര അംഗീകാരമുള്ള തര്‍ക്ക പ്രദേശമാണെന്നും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ക്കും കശ്മീരി ജനതയുടെ താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി മാത്രമേ ഇതിന്റെ അന്തിമ തീര്‍പ്പ് ഉണ്ടാകാവൂ എന്നും പാകിസ്ഥാന് ആവര്‍ത്തിച്ചു. ഗോറിന്റെ പ്രസ്താവന ഉത്തരവാദിത്തമില്ലാത്തതും അമേരിക്കയുടെ ദീര്‍ഘകാല നിലപാടിന് വിരുദ്ധവുമാണെന്ന് പാകിസ്ഥാന് കുറ്റപ്പെടുത്തി.
ശ്രീനഗറിലെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സെര്‍ജിയോ ഗോര്‍ ഈ പരാമര്‍ശം നടത്തിയത്.


