തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് ‘സ്പൈഡർ സാബു’ എന്നറിയപ്പെടുന്ന സാബു പൊലീസ് പിടിയിൽ. വടക്കേനടയിൽ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടത്തുന്നതിനിടെയാണ് കൊടുങ്ങല്ലൂർ പൊലീസ് ഇയാളെ പിടികൂടിയത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വടക്കേനട സ്വദേശി രാജീവിന്റെ പൂട്ടിക്കിടന്ന വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ കണ്ട വീട്ടുടമ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് സംഘം മെയിൻ ഗേറ്റ് പൂട്ടിയിരുന്നതിനാൽ മതിൽ ചാടിക്കടന്ന് വീട് വളഞ്ഞു. വീടിന്റെ മുകൾനിലയിൽ വെളിച്ചം കണ്ടതോടെ പ്രതി അകത്തുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് പിൻവശത്തെ ജനൽ വഴി രക്ഷപ്പെടാൻ ശ്രമിച്ച സാബുവിനെ പൊലീസ് പിടികൂടുകയായിരുന്നു. വീട്ടിൽ നിന്ന് മോഷ്ടിച്ച പണവും ഇയാളിൽ നിന്ന് കണ്ടെത്തി. പിൻവശത്തെ ജനൽ തകർത്താണ് പ്രതി വീട്ടിനുള്ളിൽ കയറിയതെന്ന് പൊലീസ് പറഞ്ഞു.
സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പിടിയിലായത് വിവിധ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ‘സ്പൈഡർ സാബു’ ആണെന്ന് തിരിച്ചറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ചയ്ക്കിടെ ഒരാളെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.


