ആലപ്പുഴ: കരുവാറ്റയിൽ വയോധിക ദമ്പതികളെ കൗമാരക്കാർ കൊലപ്പെടുത്തിയ കേസിൽ അസാധാരണ നടപടിയുമായി ആലപ്പുഴ ജുവനൈൽ കോടതി. കേസിലെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടുന്നതിന് ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ പ്രത്യേക വ്യവസ്ഥയില്ലെന്നും ഇത്തരം മുൻ കോടതി വിധികൾ ഇല്ലെന്നുമുള്ള വാദം കോടതി തള്ളി. കർശന വ്യവസ്ഥകളോടെയാണ് മൂന്ന് കുട്ടികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
കേസിൽ 13 വയസ്സുകാരി ഉൾപ്പെടെ എല്ലാ പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. ഒന്നിലധികം പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട കൊലക്കേസ് അപൂർവമാണെന്നും കുട്ടികളുടെ കസ്റ്റഡി വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി.
ഡൽഹിയിലെ നിർഭയ കേസിൽ പോലും പ്രായപൂർത്തിയാകാത്ത പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഈ കേസ് അത്യപൂർവമാണെന്നും ഒന്നിലധികം കുട്ടികൾ പ്രതികളായിട്ടുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ കുട്ടികളെ പൊലീസ് ലോക്കപ്പിലോ ജയിലിലോ പാർപ്പിക്കരുതെന്നാണ് വ്യവസ്ഥയുള്ളത്. എന്നാൽ പ്രത്യേക കേന്ദ്രത്തിൽ കുട്ടികളെ ചോദ്യം ചെയ്യുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനും വിലക്കില്ലെന്നും കോടതി വ്യക്തമാക്കി.
ദൃക്സാക്ഷികളില്ലാത്ത അടച്ചിട്ട വീട്ടിൽ അർധരാത്രി നടന്ന കൊലപാതകമായതിനാൽ കുട്ടികളെ തെളിവെടുപ്പിന് ലഭിച്ചില്ലെങ്കിൽ കേസ് ദുർബലമാകുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കുട്ടികളെ ഉപയോഗിച്ച് കൊലപാതകം നടത്തിയാൽ നിയമത്തിന്റെ പരിരക്ഷ ലഭിക്കില്ലെന്ന സന്ദേശമാണ് വിധിയിലൂടെ നൽകുന്നതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
കേസിൽ പ്രധാന ആസൂത്രണം നടത്തിയെന്ന് ആരോപണമുള്ള 13 വയസ്സുകാരിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടില്ല. മൊഴിയെടുക്കാൻ മാത്രമാണ് പൊലീസ് അനുമതി തേടിയത്. പെൺകുട്ടിയെ ചോദ്യം ചെയ്യാനുള്ള അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.


