ദുബായ്: വനിത ഏഷ്യ കപ്പ് സെമിയില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് കലാശപ്പോരിലേക്ക് മുന്നേറി ഇന്ത്യ. ബാറ്റിങ്ങില്‍ ഷഫാലി വര്‍മയും ബൗളിങ്ങില്‍ ദീപ്തി ശര്‍മയും തിളങ്ങിയ മത്സരത്തില്‍ 40 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. 24 റണ്‍സ് നേടി പുറത്താകാതെ നിന്ന സ്വര്‍ണ അക്തറാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. സ്കോര്‍: ഇന്ത്യ -20 ഓവറില്‍ ആറിന് 149, ബംഗ്ലാദേശ് – 20 ഓവറില്‍ ഏഴിന് 109. വെള്ളിയാഴ്ച നടക്കുന്ന പാകിസ്ഥാന് – ശ്രീലങ്ക രണ്ടാം സെമിയിലെ വിജയികളുമായി ഇന്ത്യ ഫൈനലില്‍ ഏറ്റുമുട്ടും. ഞായറാഴ്ചയാണ് കിരീടപ്പോര്.
ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ സ്മൃതി മന്ധാനയെ (2) നഷ്ടപ്പെട്ട ഇന്ത്യയെ, നാല് തവണ ലൈഫ് ലഭിച്ച ഓപ്പണര്‍ ഷഫാലി വര്‍മയാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. 40 പന്തുകളില്‍ നിന്ന് 7 ഫോറും 3 സിക്സും സഹിതം 64 റണ്‍സ് നേടിയ ഷഫാലി, ഇന്ത്യന്‍ ഇന്നിങ്സിന്റെ നെടുംതൂണായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഒരു ഘട്ടത്തിലും ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താനായില്ല. ഇന്ത്യക്കായി ദീപ്തി ശര്‍മ മൂന്നുവിക്കറ്റ് നേടി. അര്‍ധ സെഞ്ച്വറി നേടിയ ഷഫാലി, ബൗളിങ്ങിലും തിളങ്ങി.




