കൊച്ചി: യുവ ഡോക്ടർക്കെതിരായ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ കെ. വർഗീസ് കോടതിയെ സമീപിച്ചു. പരാതിക്കാരി തന്റെ കുടുംബ ഡോക്ടറാണെന്നും ദീർഘകാലമായി ചികിത്സ തേടുന്ന വ്യക്തിയാണെന്നും അദ്ദേഹം ജാമ്യാപേക്ഷയിൽ പറയുന്നു.
ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിയുമായി നല്ല സൗഹൃദമാണ് ഉണ്ടായിരുന്നതെന്നും ഡോക്ടർ അവകാശപ്പെടുന്നു. പരാതിക്കാരിയുടെ ബന്ധുവായ നടിക്കെതിരെയും ജാമ്യാപേക്ഷയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
കടവന്ത്രയിലെ ഫ്ലാറ്റിൽ തന്നെ കെട്ടിയിട്ട് വസ്ത്രങ്ങൾ അഴിപ്പിച്ച് വീഡിയോ ചിത്രീകരിച്ചെന്നും മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്നുമാണ് ഡോക്ടറുടെ ആരോപണം. പണം ആവശ്യപ്പെട്ടുകൊണ്ടുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. തനിക്കെതിരായ മർദന പരാതിയുടെ വിരോധമാണ് ബലാത്സംഗ കേസിന് പിന്നിലെന്നും ഡോക്ടർ ജാമ്യാപേക്ഷയിൽ പറയുന്നു.
അതേസമയം, കേസെടുത്തതിന് പിന്നാലെ ഡോക്ടർ ഒളിവിലാണ്. ഇയാൾ വിദേശത്തേക്ക് കടന്നിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.



