റിയാദ്: സൗദി അറേബ്യയിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് വന്യജീവി സംരക്ഷിത മേഖലയിൽ വന്യമൃഗങ്ങളെ വാഹനങ്ങളിൽ പിന്തുടരുന്നതും ഉപദ്രവിക്കുന്നതും അപകടത്തിലാക്കുന്നതും കുറ്റകരമാണെന്ന് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മുന്നറിയിപ്പ്. സംരക്ഷിത മേഖലയിൽ കഴുതപ്പുലിയെ വാഹനത്തിൽ പിന്തുടരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് അധികൃതർ മുന്നറിയിപ്പ് ആവർത്തിച്ചത്. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
വന്യജീവികളെ വേട്ടയാടുന്നത് തടയുക മാത്രമല്ല സംരക്ഷണത്തിന്റെ ലക്ഷ്യം. അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കുകയും വേണം. വാഹനങ്ങളിൽ പിന്തുടർന്ന് ഭയപ്പെടുത്തുന്നതും ആക്രമിക്കുന്നതും ഉൾപ്പെടെയുള്ള പ്രവൃത്തികളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണം. പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സൗദിയിൽ വേട്ടയാടൽ പൂർണമായും നിരോധിച്ചിട്ടുള്ള വന്യജീവികളിലൊന്നാണ് വരയൻ കഴുതപ്പുലി. നിയമപ്രകാരം ഇവയെ വേട്ടയാടിയാൽ 80,000 റിയാൽ പിഴ ചുമത്തും. വേട്ടയാടലും വന്യജീവികളെ മറ്റ് രീതികളിൽ ഉപദ്രവിക്കുന്നതും വ്യത്യസ്ത കുറ്റകൃത്യങ്ങളായാണ് കണക്കാക്കുന്നത്. ഓരോ നിയമലംഘനത്തിനും പ്രത്യേക ശിക്ഷാനടപടികളും നേരിടേണ്ടിവരും.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വരയൻ കഴുതപ്പുലികൾക്ക് പ്രധാന പങ്കുണ്ട്. ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങൾ ഭക്ഷിക്കുന്നതിലൂടെ പരിസരം വൃത്തിയായി സൂക്ഷിക്കാനും പ്രകൃതിയിലെ പോഷകചക്രം നിലനിർത്താനും ഇവ സഹായിക്കുന്നു. അതിനാൽ സംരക്ഷിത മേഖലകളിലെ ജൈവവൈവിധ്യം നിലനിർത്താൻ ഇത്തരം ജീവികളുടെ സംരക്ഷണം അനിവാര്യമാണ്.
വന്യജീവികളെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി നിരീക്ഷണവും പരിശോധനകളും അതോറിറ്റിയുടെ നേതൃത്വത്തിൽ തുടരുകയാണ്. പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും വന്യജീവികളോട് ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റം ഉറപ്പാക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.


