ഗുവാഹത്തി: ഏകദിന ക്രിക്കറ്റിൽ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി ഇന്ത്യൻ ഇതിഹാസവും മുൻ നായകനുമായ രോഹിത് ശർമ. ഏതെങ്കിലും ഒരു രാജ്യത്ത് 200 സിക്സുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ‘ഹിറ്റ്മാൻ’ സ്വന്തമാക്കിയത്. ഗുവാഹത്തി ബർസാപാര സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിലാണ് രോഹിതിന്റെ ഈ നേട്ടം.
ഇതോടെ ഇന്ത്യയിൽ മാത്രം രോഹിത്തിന്റെ ഏകദിന സിക്സറുകളുടെ എണ്ണം 200 കടന്നു. ആകെ 363 സിക്സുകളാണ് രോഹിത് ഏകദിനത്തിൽ പായിച്ചിട്ടുള്ളത്. ഒരു രാജ്യത്ത് 147 ഏകദിന സിക്സറുകൾ നേടിയിട്ടുള്ള വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിലാണ് രണ്ടാമത്. ബുധനാഴ്ച വിൻഡീസിനെതിരെ നടന്ന മത്സരത്തിലാകെ ആറു സിക്സും പത്തു ഫോറും പായിച്ച രോഹിത് ഏകദിന കരിയറിലെ 35–ാം സെഞ്ചറിയും നേടി. ഏകദിന ഫോർമാറ്റിൽ 12,000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ ബാറ്റിങ് താരമെന്ന ചരിത്രനേട്ടവും ഇന്നലെ രോഹിത് കൈവരിച്ചു.




