തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തമായതോടെ മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ രാത്രി ഏഴ് മണിവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഒക്ടോബർ 16ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചേക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ടോബർ 17ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഒക്ടോബർ 18ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ഒക്ടോബർ 19ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം.
ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം. കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മുന്നറിയിപ്പുകൾ നിരീക്ഷിക്കുകയും സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും വേണം.




