തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നും ധനവകുപ്പിനെ നോക്കുകുത്തിയാക്കിയെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധസമിതി റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്നും നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചിട്ടുണ്ടെന്നുമാണ് ആരോപണം. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കിഫ്ബി ഇത്രയും നാൾ സ്വതന്ത്ര സംവിധാനമായാണ് പ്രവർത്തിച്ചതെന്ന് വി.ഡി. സതീശൻ ആരോപിച്ചു. കിഫ്ബിയുടെ വരുമാനത്തിന്റെ 99.4 ശതമാനവും വായ്പ തിരിച്ചടവിനായി ഉപയോഗിച്ചെന്നും 25,932.55 കോടി രൂപ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കുറയ്ക്കാൻ കിഫ്ബി കാരണമായെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ധനവകുപ്പ് ഉയർത്തിയ എതിർപ്പുകൾ മുഖ്യമന്ത്രി അധ്യക്ഷനായ യോഗം മറികടന്നതായും കിഫ്ബി വഴി 13,103 കോടി രൂപയുടെ അധിക ചെലവുണ്ടായതായും അദ്ദേഹം ആരോപിച്ചു. ധനവകുപ്പിനെ ഇരുട്ടിൽ നിർത്തിയാണ് പല തീരുമാനങ്ങളും എടുത്തതെന്നും വിമർശിച്ചു.
കിഫ്ബി പദ്ധതികൾ ജില്ലകൾക്കിടയിൽ അസമത്വം സൃഷ്ടിച്ചെന്നും ഭൂമിയേറ്റെടുക്കലിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വി.ഡി. സതീശൻ ആരോപിച്ചു. ഭൂമിയുടെ വിലയുടെ അഞ്ചിരട്ടി തുക നൽകി ഏറ്റെടുക്കൽ നടത്തിയതായും കണ്ണൂരിൽ ആയിരം ഏക്കർ ഭൂമി ഏറ്റെടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കിഫ്ബി 203.72 കോടി രൂപ പരസ്യത്തിനായി ചെലവഴിച്ചെന്നും സർക്കാർ അനുമതിയില്ലാതെ 498 ജീവനക്കാരെ നിയമിച്ചെന്നും അദ്ദേഹം ആരോപിച്ചു. 40 തസ്തികകൾക്ക് മാത്രമാണ് സർക്കാർ അംഗീകാരം നൽകിയിരുന്നതെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കിഫ്ബി റിപ്പോർട്ട് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് വി.ഡി. സതീശൻ അറിയിച്ചു. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചിട്ടുണ്ടെന്ന ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തും. കിഫ്ബിയുടെ പ്രവർത്തനങ്ങൾ സൃഷ്ടിച്ച സാമ്പത്തിക ബാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കിഫ്ബി വഴി ആരംഭിച്ച അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും അവ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.




