കൊച്ചി: എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കേസിലെ പ്രതി എബിൻ പോളിന്റെ പശ്ചാത്തലം അന്വേഷിക്കുന്നതിനായി അന്വേഷണസംഘം പൂനെയിലെത്തി. എബിൻ പോൾ പഠിച്ച സ്ഥാപനത്തിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.
അതേസമയം, എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിനും ഒഴിഞ്ഞുകിടന്ന വീടിനും തീയിട്ട സംഭവങ്ങളിലാണ് പുതിയ കേസുകൾ എടുത്തത്.
കേസിൽ നിർണായകമായ പ്രതിയുടെ മൊബൈൽ ഫോണിന്റെ ഫൊറൻസിക് പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. തീയിടാൻ നിർദേശം നൽകിയതായി പറയുന്ന ‘ബോസ്’ എന്നയാളും ‘വിക്രം’ എന്നയാളും ഒരാളാണോ എന്ന് കണ്ടെത്താൻ പരിശോധനാഫലം സഹായിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
തനിക്ക് നിർദേശം നൽകിയത് വിക്രം എന്നയാളാണെന്ന് എബിൻ പോൾ മൊഴി നൽകിയിരുന്നു. എന്നാൽ വിക്രം തന്നെയാണോ സംഭവത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് എബിൻ പോളിനെ റിമാൻഡ് ചെയ്തു. മൊബൈൽ ഫോണിന്റെ ഫൊറൻസിക് പരിശോധനാഫലം ലഭിച്ചശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഫോൺ പരിശോധനയിലൂടെ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും നിർദേശം നൽകിയതായി പറയപ്പെടുന്ന വ്യക്തിയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.




