തിരുവനന്തപുരം: കോവളം സ്പാ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ഇന്ന് ആന്ധ്രാപ്രദേശിലേക്ക് തിരിക്കും. കേസിലെ ഇരയായ 16കാരി പഠിച്ച സ്കൂളിൽ തെളിവെടുപ്പ് നടത്തുകയും പെൺകുട്ടിയുടെ സഹോദരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യും.
അന്തർസംസ്ഥാന ബന്ധം കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കൺട്രോൾ റൂം എസിപി സി. ചന്ദ്രകുമാറിനാണ് പുതിയ അന്വേഷണ ചുമതല. പെൺകുട്ടിയെ ആന്ധ്രയിൽനിന്ന് തിരുവനന്തപുരത്തെ സ്പാകളിൽ എത്തിച്ചതെങ്ങനെയെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച ഇടനിലക്കാർ ആരൊക്കെയാണെന്നും കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.
കേസിൽ അറസ്റ്റിലായ അഞ്ച് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്പായുടെ ഉടമയായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഒ. അനുരൂപ്, രണ്ട് സ്പാ ജീവനക്കാർ, പെൺകുട്ടിയെ എത്തിച്ച ദമ്പതികൾ എന്നിവരുടെ ഫോൺ വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.




