ഭരണകൂടത്തോടുള്ള വിയോജിപ്പും അതൃപ്തിയും അസ്വാരസ്യങ്ങളും സമാനതകളില്ലാത്ത പ്രക്ഷോഭങ്ങളായി മാറിയ വർഷമായിരുന്നു 2026. വർഷത്തിന്റെ ആദ്യമാസങ്ങൾ തൊട്ട് ലോകം ഭീതിയുടെയും ആശങ്കയുടെയും നിഴലിലായി. ആഗോള സാമ്പത്തിക ക്രമവും സമാധാന അന്തരീക്ഷവും പലതവണ മുൾമുനയിലായി. ആദ്യം നീറ്റ് സമരത്തിന്റെ രൂപത്തിലും ഇപ്പോൾ എസ്ഐആർ ക്രമക്കേടിന്റെ പേരിലും ആ പ്രക്ഷോഭ വീര്യം നമ്മൾ ഇന്ത്യക്കാരും കാണുകയാണ്. പലയിടങ്ങളിലും അന്താരാഷ്ട്ര നിയമങ്ങൾ പോലും ലംഘിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ, അടിസ്ഥാന അവകാശങ്ങൾ ഒന്നൊന്നായി നിഷേധിക്കപ്പെടുകയും ഭരണാധികാരികൾ അഴിമതിയിൽ മുങ്ങുകയും ചെയ്തപ്പോൾ ജനം ഒടുവിൽ തെരുവിലിറങ്ങാൻ നിർബന്ധിതരായി. പ്രായപൂർത്തിയാകാത്ത കൊച്ചുകുട്ടികൾ മുതൽ മുതിർന്ന പൗരന്മാർ വരെ ഭരണകൂടങ്ങളെ ചോദ്യം ചെയ്യുന്ന ചരിത്രനിമിഷങ്ങൾക്കാണ് ഈ വർഷം സാക്ഷ്യം വഹിച്ചത്. പട്ടിണിയും വിലക്കയറ്റവും ജനവിരുദ്ധ നയങ്ങളും ഒരേസമയം വലിയ പ്രക്ഷോഭങ്ങളുടെ അടിസ്ഥാന കാരണങ്ങളായി മാറി.
ഫ്രാൻസ്: യൂറോപ്പിലെ സമരങ്ങളുടെ പ്രഭവകേന്ദ്രം
സെപ്റ്റംബർ – ഒക്ടോബർ കാലയളവിലാണ് ഫ്രഞ്ച് സർക്കാരിനെ വിറപ്പിച്ചുകൊണ്ട് വിദ്യാർത്ഥി പ്രതിഷേധങ്ങൾ കത്തിപ്പടർന്നത്. വിദ്യാലയങ്ങളിലെ അധ്യാപകക്ഷാമവും ശോചനീയമായ അടിസ്ഥാന സൗകര്യങ്ങളും ചൂണ്ടിക്കാണിച്ചാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്. ഈ സമരം ഫ്രാൻസിൽ നിന്ന് പിന്നീട് യൂറോപ്പിലാകെ പടരുകയായിരുന്നു. സ്പെയിൻ, ബെൽജിയം, ഇറ്റലി, അൽബേനിയ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾക്കുപിന്നാലെ ഗ്രീസിലെയും വിദ്യാർത്ഥികൾ സമരമുഖത്തേക്ക് എത്തി. ക്ലാസ് മുറികളുടെ നിലവാരം ഉയർത്തുക, അധ്യാപകരുടെ വേതനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടത്. ഗ്രീസിൽ പ്രൈമറി സ്കൂൾ അധ്യാപകർ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചപ്പോൾ, ഹൈസ്കൂൾ അധ്യാപക സംഘടനകളും കടുത്ത സമരത്തിന് തയ്യാറെടുക്കുകയാണ്. കൂടാതെ, കഴിഞ്ഞ രണ്ടു വർഷമായി സെർബിയയിലെ പ്രതിഷേധങ്ങളിൽ നിർണായക സാന്നിധ്യമായ ‘സ്റ്റുഡന്റ് ലിസ്റ്റ്’ എന്ന വിദ്യാർത്ഥി കൂട്ടായ്മയും തങ്ങളുടെ പ്രക്ഷോഭം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഫ്രാൻസിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ കുടിയേറ്റവും ഇസ്ലാമിക ഭീകരതയുമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നെങ്കിലും, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ സമരങ്ങളിലൊന്നും കുടിയേറ്റക്കാർക്ക് വലിയ പങ്കില്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്; തെരുവിലിറങ്ങിയവരെല്ലാം അതാത് രാജ്യങ്ങളിലെ സ്വദേശികൾ തന്നെയായിരുന്നു.
ഫ്രാൻസിൽ സമരം ദിവസങ്ങളോളം നീണ്ടതോടെ 500-ലധികം ഹൈസ്കൂളുകൾ ഫ്രഞ്ച് സർക്കാർ അടച്ചുപൂട്ടാൻ നിർബന്ധിതരായി. ഇതിന് പിന്നാലെ ഇന്ധനവിലയും ജീവിതച്ചെലവും കുത്തനെ ഉയർന്നത് പാരീസ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ വലിയ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തി. പൊതുസേവനങ്ങൾക്ക് സർക്കാർ നൽകുന്ന ധനസഹായം വെട്ടിക്കുറച്ചതാണ് വിദ്യാർത്ഥികൾക്ക് പുറമെ മുതിർന്നവരെയും വൻതോതിൽ സമരത്തിലേക്ക് നയിച്ചത്. ഒക്ടോബർ 17-ന് അഞ്ചര ലക്ഷത്തോളം ആളുകൾ അണിനിരന്ന പ്രതിഷേധ റാലി ഫ്രഞ്ച് സർക്കാരിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു.
എങ്കിലും, സമരത്തിന്റെ ഭാഗമായി പാരീസിലെ ലൂയി വിട്ടൺ (Louis Vuitton), ആപ്പിൾ (Apple) തുടങ്ങിയ പ്രമുഖ ഷോപ്പുകൾ വരെ കൊള്ളയടിക്കപ്പെട്ടു. ലിമോജിലെ 143 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ടൗൺഹാൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. സമരക്കാരുമായി ഉണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ 997 പൊലീസുകാർക്കാണ് പരിക്കേറ്റത്. തുടർന്ന് രാജ്യത്ത് അക്രമങ്ങൾ അഴിച്ചുവിടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി. ഇതിനിടെ രാജ്യത്തുടനീളം 2,397 പേർ അറസ്റ്റിലായി. എന്തുതന്നെയായാലും, ഈ വൻ ജനരോഷം പൂർണ്ണമായി അവഗണിക്കാൻ സർക്കാരിനായില്ല. കൂടുതൽ താത്കാലിക അധ്യാപകരെ നിയമിക്കാനും ചില സർവ്വകലാശാലകളിൽ നടപ്പിലാക്കിയ ഫീസ് വർദ്ധനവ് പിൻവലിക്കാനും സർക്കാർ ഒടുവിൽ തയ്യാറായി.
സ്പെയിൻ: ഭവനപ്രതിസന്ധിയും ഇടക്കാല തെരഞ്ഞെടുപ്പും
ഫ്രാൻസിനെപ്പോലെ തന്നെ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ തന്നെയാണ് സ്പെയിനും കടുത്ത സമരച്ചൂടിലേക്ക് നീങ്ങിയത്. രാജ്യത്ത് കുതിച്ചുയരുന്ന വാടകവർധന, വീട് വാങ്ങാനുള്ള ഭീമമായ ചെലവ്, ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടികൾ എന്നിവയ്ക്കെതിരെ ശക്തമായ ജനരോഷമാണ് അലയടിച്ചത്. ഇതിനിടയിൽ 87 വയസ്സുള്ള ‘മരീ കാര്മെൻ അബാസ്കൽ’ എന്ന വയോധികയെ വാടകവീട്ടിൽ നിന്ന് ബലമായി ഒഴിപ്പിച്ചത് പ്രതിഷേധക്കാരുടെ കലിപ്പുകൂട്ടി. തുടർന്ന് രാജ്യത്തെ ഭവനപ്രതിസന്ധിക്കെതിരെ ലക്ഷക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.
ഈ പ്രതിസന്ധി സ്പെയിനെ ഒരു ഇടക്കാല (സ്നാപ്പ്) തെരഞ്ഞെടുപ്പിലേക്ക് നയിക്കുകയുണ്ടായി. ഭരണകൂടങ്ങൾ ഗുരുതരമായ പ്രതിസന്ധികൾ നേരിടുമ്പോഴോ ഭൂരിപക്ഷം നഷ്ടപ്പെടുമ്പോഴോ ആണ് സാധാരണയായി ഇടക്കാല തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കാറുള്ളത്. അടിയന്തര ഭവന നിർമ്മാണ ബില്ലുകൾക്കും നിയമങ്ങൾക്കും പാർലമെന്റിൽ ആവശ്യമായ പിന്തുണ ലഭിക്കാതെ വന്നതോടെ, പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നവംബർ 29-ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ നിർബന്ധിതനാവുകയായിരുന്നു.
പോർച്ചുഗൽ: ടെന്റുകൾ ഉയർത്തിയ സമരങ്ങൾ
ഒക്ടോബറിന്റെ തുടക്കത്തോടെ പോർച്ചുഗലും വലിയൊരു സമരഭൂമിയായി മാറി. കുതിച്ചുയരുന്ന ഭവന ചെലവുകൾ, തുച്ഛമായ വേതനം, വ്യാപകമായ കുടിയൊഴിപ്പിക്കലുകൾ എന്നിവയിൽ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ജനങ്ങളാണ് തെരുവുകളിൽ അണിനിരന്നത്. ലിസ്ബണിലും പോർച്ചുഗലിലെ പോർട്ടോയിലും നഗരമധ്യത്തിൽ ടെന്റുകൾ സ്ഥാപിച്ചാണ് പ്രതിഷേധക്കാർ സമരം തുടരുന്നത്. ലിസ്ബണിലെ റോസിയോ സ്ക്വയറും പോർട്ടോയിലെ ഡോം ജോവോ ഐ സ്ക്വയറുമാണ് ഈ സമരങ്ങളുടെ പ്രധാന കേന്ദ്രങ്ങൾ. യഥാർത്ഥത്തിൽ, സ്പെയിനിൽ രൂപംകൊണ്ട പ്രതിഷേധക്കാറ്റാണ് പിന്നീട് പോർച്ചുഗീസ് നഗരങ്ങളിലേക്കും ആഞ്ഞടിച്ചത്. ഇരുരാജ്യങ്ങളിലും ജനങ്ങൾ നേരിട്ടത് തികച്ചും സമാനമായ പ്രതിസന്ധികളായിരുന്നു.
ഇറ്റലി: പണപ്പെരുപ്പവും തൊഴിലാളി രോഷവും
ഉയർന്ന ഇന്ധനവില, താങ്ങാനാവാത്ത വാടക, കടുത്ത പണപ്പെരുപ്പം എന്നിവയാണ് ഇറ്റലിയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായത്. ജീവിതച്ചെലവ് ക്രമാതീതമായി ഉയർന്നതും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും പൊതുസേവനങ്ങളിലെ അപര്യപ്തതയും സ്ഥിതി കൂടുതൽ വഷളാക്കി. പ്രതിഷേധങ്ങൾക്കിടയിൽ മിലാനിൽ കൊള്ളയും സംഘർഷങ്ങളും ഉൾപ്പെടെയുള്ള അക്രമസംഭവങ്ങൾ അരങ്ങേറി.
രാജ്യത്തെ തൊഴിലാളികളും സർക്കാരിനെതിരെ തെരുവിലിറങ്ങിയതോടെ, സ്ഥിതി നിയന്ത്രിക്കാൻ 500-ലധികം സൈനികരെയാണ് സർക്കാർ രംഗത്തിറക്കിയത്. കർശന നടപടികൾ സ്വീകരിച്ചും വൻതോതിൽ പിഴ ഈടാക്കിയും സർക്കാർ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചു. “ഞങ്ങൾ ഭൂമി കൃഷി ചെയ്യുന്നു, പക്ഷേ കൊയ്യുന്നത് കടങ്ങളാണ്” (We cultivate the land, we harvest debts) എന്ന അർത്ഥവത്തായ മുദ്രാവാക്യം മുഴക്കിയാണ് സിസിലിയിലെ കർഷകർ സർക്കാരിനെ വെല്ലുവിളിച്ചത്. ഇതിനുപുറമേ, ഇന്ധനവില വർധനവിലും പെട്രോൾ ക്ഷാമത്തിലും പ്രതിഷേധിച്ച് തെക്കൻ മേഖലയിലെ ട്രക്ക് ഡ്രൈവർമാർ നടത്തിയ റോഡ് ഉപരോധ സമരവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
അൽബേനിയ: ‘ഫ്ലമിംഗോ മൂവ്മെന്റും’ രാജി ആവശ്യങ്ങളും
കഴിഞ്ഞ മെയ് മാസത്തിലാണ് അൽബേനിയയിൽ അപ്രതീക്ഷിത സമരമുന്നേറ്റങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. വ്യാപകമായ അഴിമതി ആരോപണങ്ങൾ, വിദ്യാഭ്യാസ രംഗത്തെ തകർച്ച, പൊതുസേവനങ്ങളിലെ പോരായ്മകൾ, അമേരിക്കൻ മുൻ പ്രസിഡന്റിന്റെ മരുമകനായ ജാറഡ് കുഷ്നറുമായി ബന്ധമുള്ള ഒരു സ്ഥാപനത്തിന്റെ ആഡംബര ടൂറിസം പദ്ധതിയെച്ചിലിയുള്ള വിവാദങ്ങൾ എന്നിവയാണ് അൽബേനിയയിലെ ജനങ്ങളെ പ്രകോപിപ്പിച്ചത്.
പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ രാജ്യത്ത് ഇപ്പോഴും തുടരുകയാണ്. ‘ഫ്ലമിംഗോ മൂവ്മെന്റ്’ (Flamingo Movement) എന്ന പേരിൽ ആരംഭിച്ച ഈ മുന്നേറ്റത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം പങ്കാളികളായി. പ്രതിഷേധങ്ങളുടെ ഭാഗമായി തലസ്ഥാന നഗരിയായ ടിറാന അഞ്ച് ദിവസത്തോളമാണ് പ്രക്ഷോഭച്ചൂടിൽ കത്തിരിഞ്ഞത്. എങ്കിലും, സമരക്കാരുടെ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കാനോ സർക്കാർ രാജി വെക്കാനോ ഇതുവരെ തയ്യാറായിട്ടില്ല.
ബെൽജിയം: ക്രൂരമായ പൊലീസ് മർദ്ദനവും തണുപ്പൻ പ്രതികരണവും
സ്പെയിൻ, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധങ്ങളുടെ അലയൊലികൾ ബെൽജിയത്തിലും ശക്തമായ പ്രതിഫലനമുണ്ടാക്കി. വർദ്ധിച്ചുവരുന്ന വിദ്യാഭ്യാസ ചെലവുകൾ, തിരക്കുപിടിച്ച ക്ലാസ് മുറികൾ, ഉയർന്നുയർന്നു പോകുന്ന ജീവിതച്ചെലവ് എന്നിവ വിദ്യാർത്ഥികളെയും സാധാരണക്കാരെയും ഒരുപോലെ അസ്വസ്ഥരാക്കി. ബ്രസൽസും ലീജുമാണ് അവിടത്തെ പ്രധാന സമരകേന്ദ്രങ്ങൾ.
എന്നാൽ ഈ സമരങ്ങൾക്ക് നേരെ സർക്കാർ സ്വീകരിച്ചത് അതിക്രൂരമായ സമീപനമായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലും പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. രാജ്യത്ത് വ്യാപകമായി ലാത്തിച്ചാർജ് നടത്തി. സമാധാനപരമായ രീതിയിൽ സമരം നടത്തിയിരുന്ന ജനക്കൂട്ടത്തിന് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. ചിലയിടങ്ങളിൽ പ്രതിഷേധം പിന്നീട് വലിയ കലാപങ്ങളായി വഴിമാറി. രാഷ്ട്രീയ പാർട്ടികളുടെ ആസ്ഥാന ഓഫീസുകൾക്ക് നേരെ ആക്രമണങ്ങളുണ്ടാവുകയും വാഹനങ്ങൾ അടിച്ച് തകർത്ത് തീയിടുകയും ചെയ്തുകൊണ്ട് പ്രതിഷേധക്കാർ കടുത്ത അമർഷം രേഖപ്പെടുത്തി. എന്നിരുന്നാലും, സമരം വലിയ തോതിൽ കലാപത്തിലേക്ക് വഴിമാറിയിട്ടും ഭരണകൂടം ഇതുവരെ പ്രതിഷേധക്കാരുടെ ശബ്ദം കേൾക്കാനോ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനോ തയ്യാറായിട്ടില്ല.
ചുരുക്കത്തിൽ, 2026 എന്നത് കേവലം ഒരു കലണ്ടർ വർഷം മാത്രമല്ല; മറിച്ച് പതിറ്റാണ്ടുകളായി ഭരണാധികാരികൾ കണ്ടില്ലെന്ന് നടിച്ച ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്കെതിരായുള്ള ശക്തമായൊരു തിരിച്ചടിയുടെ കാലഘട്ടമായിരുന്നു. ഫ്രാൻസിൽ തുടങ്ങി യൂറോപ്പിലെ വിവിധ രാജ്യങ്ങളിലൂടെ പടർന്നുകത്തിയ ഈ പ്രക്ഷോഭങ്ങൾ നൽകുന്ന പാഠം വളരെ വ്യക്തമാണ് – ജനങ്ങളുടെ വിശപ്പും ഭവനരഹിതാവസ്ഥയും വിദ്യാഭ്യാസ അവകാശ നിഷേധങ്ങളും ദീർഘകാലത്തേക്ക് അടിച്ചമർത്താനോ കണ്ടില്ലെന്ന് നടിക്കാനോ ഒരു ഭരണകൂടത്തിനും ആവില്ല. ജനാധിപത്യപരമായ അവകാശങ്ങൾക്കായി തെരുവിൽ പൊരുതുന്ന പുതിയൊരു യുവതലമുറയുടെ ഉദയത്തിനാണ് ഈ വർഷം സാക്ഷ്യം വഹിച്ചത്. സർക്കാരുകൾക്ക് തങ്ങളുടെ ജനങ്ങളുടെ ശബ്ദം കേൾക്കേണ്ടിവരുന്ന, മാറ്റത്തിന്റെ വലിയൊരു സന്ദേശമാണ് ഈ പ്രക്ഷോഭങ്ങളെല്ലാം ലോകത്തിന് നൽകുന്നത്.




