ജെറുസലേം: ഇസ്രയേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുദ് പാർട്ടി നയിക്കുന്ന ഭരണസഖ്യത്തിന് മുന്നേറ്റം. 42 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഭരണസഖ്യം 57 സീറ്റുകളിലാണ് മുന്നിലുള്ളത്. പ്രതിപക്ഷ സഖ്യം 47 സീറ്റുകളിലും മുന്നേറുന്നു. ബാക്കി സീറ്റുകളിൽ അറബ് പാർട്ടികൾക്കാണ് ലീഡ്. നെതന്യാഹുവിന്റെ ലികുദ് പാർട്ടി 28 സീറ്റുകളിൽ മുന്നിലാണ്. പ്രതിപക്ഷത്തെ നയിക്കുന്ന യാഷാർ പാർട്ടി 21 സീറ്റുകളിലും മുന്നേറുന്നു.
ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ ആകെ 120 സീറ്റുകളാണുള്ളത്. സർക്കാർ രൂപീകരിക്കാൻ 61 സീറ്റുകൾ വേണം. ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്സിറ്റ് പോൾ സൂചനകൾക്കിടെ അറബ് പാർട്ടികളുടെ നിലപാട് നിർണായകമായേക്കും. എന്നാൽ, അറബ് പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. വലതുപക്ഷത്തിന്റെ ശക്തമായ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.




