മലപ്പുറം: ദേശീയപാത 66ൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്നവർ ഉടൻ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എ.ആർ നഗർ കൊളപ്പുറത്തിനും ചോലക്കലിനും ഇടയിലായിരുന്നു സംഭവം.
ചെറുമുക്ക് ജീലാനി നഗർ സ്വദേശി കോഴികാട്ടിൽ കരീമിന്റെ കുടുംബാംഗങ്ങളായിരുന്നു കാറിലുണ്ടായിരുന്നത്. കരീമിന്റെ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ പോയി മടങ്ങുകയായിരുന്നു മകനും മരുമകളും. യാത്രയ്ക്കിടെ കാറിന്റെ പിൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ ഉടൻ വാഹനം നിർത്തി പുറത്തിറങ്ങി. യാത്രക്കാർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം കാറിൽ തീ പടരുകയായിരുന്നു.
വഴിയിലൂടെ കടന്നുപോയ വാഹനയാത്രക്കാരും സമീപത്തെ നാട്ടുകാരും തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ ശ്രമം വിജയിച്ചില്ല. തുടർന്ന് കാർ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വാഹനത്തിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. തിരക്കേറിയ ദേശീയപാതയിൽ ഉണ്ടായ സംഭവം മറ്റ് യാത്രക്കാരിലും ആശങ്കയുണ്ടാക്കി.


