കോഴിക്കോട്: താമരശ്ശേരിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞ പ്രതി പിടിയിൽ. ഈങ്ങാപ്പുഴ കക്കാട് സ്വദേശി യാസിർ ആണ് പൊലീസ് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളേജ് പാർക്കിങ് ഏരിയയിൽ നിന്നാണ് യാസിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിക്ക് വേണ്ടി പൊലീസ് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു.
ഇന്നലെ വൈകിട്ട് 6.35ഓടെയാണ് യാസിർ ഭാര്യ ഷിബില, മാതാപിതാക്കളായ അബ്ദുറഹ്മാൻ, ഹസീന എന്നിവരെ ആക്രമിച്ചത്. ആക്രമണത്തിൽ ഷിബിലയുടെ കഴുത്തിന് വെട്ടേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലും മാതാവ് ഹസീന താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അബ്ദുറഹ്മാന്റെ ആരോഗ്യനില ഗുരുതരമാണ്.






