മുംബൈ: ഇന്ത്യയിലെ ലഭ്യമാകുന്ന ഇന്ധനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി അദാനി ടോട്ടൽ ഗ്യാസും റിലയൻസ് ബി.പി മൊബിലിറ്റിയും ഒന്നിക്കുന്നു. ഇരു കമ്പനികളും ഇന്ധനം വിൽക്കുന്നത് സംബന്ധിച്ച് കരാറിലെത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതുപ്രകാരം അദാനി ടോട്ടൽ ഗ്യാസ് ഔട്ട്ലെറ്റുകളിൽ റിലയൻസിന്റെ പെട്രോളും ഡീസലും വിൽക്കും. ജിയോബി.പി പമ്പുകളിൽ അദാനി ഗ്യാസും വിൽക്കും. മികച്ച സേവനം ജനങ്ങൾക്ക് നൽകാനാണ് ശ്രമമെന്ന് ജിയോ ബി.പി ചെയർമാൻ ശാർതാക് ബെഹുറിയ പറഞ്ഞു. അദാനിയുമായുള്ള പങ്കാളിത്തം കമ്പനിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങളുടെ ഔട്ട്‍ലറ്റുകളിലൂടെ ഗുണനിലവാരമുളള ഇന്ധനം ലഭ്യമാക്കുക എന്നത് തങ്ങളുടെ എക്കാലത്തേയും വലിയ ലക്ഷ്യമാണെന്ന് അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് സി.ഇ.ഒ സുരേഷ് പി മംഗലാനി പറഞ്ഞു. റിലയൻസുമായുള്ള ഒത്തുചേരൽ ഈ ലക്ഷ്യം പൂർത്തീകരിക്കാനുള്ള ഉദ്യമങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content: Adani and Ambani in the fuel market




