കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും ഗുരുവായൂർ ക്ഷേത്രവും സന്ദർശിച്ച് വൻ സംഭാവനകൾ നൽകി. രണ്ട് ക്ഷേത്രങ്ങൾക്കും മൂന്ന് കോടി രൂപ വീതം അദ്ദേഹം നൽകി.
രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിനായി 12 കോടി രൂപ നൽകുമെന്ന് അനന്ത് അംബാനി പ്രഖ്യാപിച്ചു. കിഴക്കൻ ഗോപുരത്തിന്റെ പുനരുദ്ധാരണവും പാർക്കിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനവുമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്. ക്ഷേത്രത്തിൽ പരമ്പരാഗത വഴിപാടുകൾ നിർവഹിച്ച ശേഷമാണ് മൂന്ന് കോടി രൂപയുടെ ചെക്ക് കൈമാറിയത്.
തുടർന്ന് ഗുരുവായൂർ ക്ഷേത്രവും സന്ദർശിച്ച അദ്ദേഹം, ക്ഷേത്ര ട്രസ്റ്റിന് മൂന്ന് കോടി രൂപ സംഭാവനയായി നൽകി. കൂടാതെ ക്ഷേത്ര ആനകളുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികൾക്കും പിന്തുണ പ്രഖ്യാപിച്ചു. ആനകൾക്കായുള്ള ആശുപത്രി, ചങ്ങലകളില്ലാത്ത അഭയകേന്ദ്രം, ശാസ്ത്രീയ പരിപാലന സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കാനാണ് ലക്ഷ്യം.ക്ഷേത്ര അധികാരികളും ദേവസ്വം പ്രതിനിധികളും അനന്ത് അംബാനിയെ സ്വീകരിച്ചു.




