മക്ക: ഹജ്ജ് പെർമിറ്റില്ലാതെ തീർഥാടനത്തിന് ശ്രമിക്കുന്നവർക്കും നിയമലംഘകർക്ക് സഹായം നൽകുന്നവർക്കുമെതിരെ കർശന നടപടികളുമായി സൗദി ആഭ്യന്തര മന്ത്രാലയം. കൃത്യമായ പെർമിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ദുൽഖഅ്ദ് മാസം ഒന്നാം തീയതി മുതൽ ദുൽഹജ്ജ് 14 വരെ നീളുന്ന കാലയളവിൽ വിസിറ്റ് വിസ കൈവശം വെച്ച് മക്കയിലോ പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നവർക്കും താമസിക്കുന്നവർക്കും ഈ പിഴ ബാധകമായിരിക്കും.
ഹജ്ജ് പെർമിറ്റില്ലാത്തവർക്ക് വിസിറ്റ് വിസ എടുത്തുനൽകുന്നവർക്കും ഇതിനായി ഒത്താശ ചെയ്യുന്നവർക്കും ഒരു ലക്ഷം റിയാൽ വരെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. നിയമലംഘകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴത്തുകയിലും വർധനവുണ്ടാകും. കൂടാതെ, സന്ദർശന വിസയുള്ളവരെ ഹജ്ജ് കാലത്ത് മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ വാഹനങ്ങളിൽ കൊണ്ടുപോകുന്നവർക്കും ഒരു ലക്ഷം റിയാൽ പിഴ ഒടുക്കേണ്ടി വരും.
നിയമവിരുദ്ധമായി എത്തുന്നവർക്ക് ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ, സ്വകാര്യ വസതികൾ, ഷെൽട്ടറുകൾ എന്നിവിടങ്ങളിൽ താമസസൗകര്യം ഒരുക്കുന്നവരും സഹായിക്കുന്നവരും കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ഇത്തരക്കാർക്കും ഒരു ലക്ഷം റിയാലാണ് പിഴ. ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് നിയമലംഘനവുമായി ബന്ധപ്പെട്ട ഈ പുതുക്കിയ ശിക്ഷാവിവരങ്ങൾ പുറത്തുവിട്ടത്




