ഉറക്കം എഴുന്നേറ്റയുടൻ പലർക്കും ചായയോ, കോഫിയോ നിർബന്ധമാണ്. എന്നാൽ രാത്രി മുഴുവൻ വെള്ളം കുടിക്കാതെ ഉറക്കമെഴുന്നേൽക്കുന്ന സമയത്ത് ശരീരത്തിൽ നിർജലീകരണമുണ്ടാകും. എഴുന്നേറ്റയുടൻ വെള്ളം കുടിക്കാതെ കോഫിയാണ് കുടിക്കുന്നതെങ്കിൽ അത് നിർജലീകരണം കൂട്ടുകയാണ് ചെയ്യുക. കാരണം കോഫിയിലെ കഫീനാണ്.
ഇങ്ങനെ നിർജലീകരണം സംഭവിച്ചാൽ ശരീരത്തിന് ക്ഷീണം കൂടും. മാത്രമല്ല കോഫി കുടിക്കുന്നതോടെ വിശപ്പ് ശമിക്കുകയും ഇത് പ്രാതൽ നന്നായി കഴിക്കാൻ തടസ്സമാവുകയും ചെയ്യും. അതിനാൽ എഴുന്നേറ്റയുടൻ ശുദ്ധമായ വെള്ളം കുടിക്കുന്നത് ഊർജം പകരുകയും ദഹനപ്രക്രിയ എളുപ്പമാക്കുകയും ചെയ്യും. ആദ്യത്തെ കോഫി കുടിക്കുന്നതിന് മുമ്പ് രണ്ട് കപ്പ് വെള്ളമെങ്കിലും കുടിച്ചിരിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.




