കൊച്ചി: ദീപാവലിയോടനുബന്ധിച്ച് ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ സെലിബ്രേറ്റിംഗ് അക്‌സെപ്റ്റൻസ് പരമ്പരയിലെ പുതിയ ചിത്രമായ ദ റൂംമേറ്റ് പുറത്തിറക്കി. കുടുംബങ്ങളിൽ നിന്നുള്ള ഉൾക്കൊള്ളലിന്റെ ചർച്ചകളെ ജോലിസ്ഥലങ്ങളിലേക്ക് കൂടി എത്തിക്കുന്നതാണ് ഈ ഹ്രസ്വചിത്രം.
ദീപാവലി ഒരുക്കങ്ങളിൽ സജീവമായ ഒരു ഓഫീസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരാൾക്ക് തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങൾ സ്വന്തം താല്പര്യപ്രകാരം പങ്കുവെക്കാനും അതിന് സഹപ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന ഊഷ്മളമായ സ്വീകരണവുമാണ് ഈ ചിത്രം കാണിച്ചുതരുന്നത്.
അയാൻ എന്ന യുവാവ് പുതിയ ഓഫീസിൽ എത്തുന്ന ആദ്യ ദിവസത്തോടെയാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ ആവേശത്തിൽ പ്രിയങ്കയും സഹപ്രവർത്തകരും ചേർന്ന് അവനെ ഓഫീസിലേക്ക് സ്വാഗതം ചെയ്യുന്നു. തുടർന്ന് ദീപാവലി ആഘോഷങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങൾക്കിടയിൽ അയാൻ പ്രിയങ്കയോട് അവളുടെ കുടുംബവിശേഷങ്ങൾ ചോദിക്കുന്നു. എന്നാൽ പ്രിയങ്ക മറുപടി നൽകുന്നതിന് മുൻപായി പതിവുപോലെ അവൾ തന്റെ റൂംമേറ്റായ മീരയ്ക്കൊപ്പമായിരിക്കും ദീപാവലി ആഘോഷിക്കുകയെന്ന് ഒരു സഹപ്രവർത്തകൻ പറയുന്നു. ഈ വേളയിലാണ് പ്രിയങ്ക തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നുപറയുന്നത്: “മീര എന്റെ റൂംമേറ്റ് മാത്രമല്ല, അവൾ എന്റെ പങ്കാളി കൂടിയാണ്”.
തുടർന്ന് സഹപ്രവർത്തകരിൽ നിന്നും തികച്ചും ഊഷ്മളമായ പ്രതികരണമാണ് അവൾക്ക് ലഭിക്കുന്നത്. ‘അതെനിക്കറിയാം’ എന്ന് ഒരു സഹപ്രവർത്തകൻ പുഞ്ചിരിയോടെ മറുപടി നൽകുമ്പോൾ മറ്റുള്ളവരും അത് ശരിവെക്കുന്നു. മറ്റൊരാളുടെ വ്യക്തിജീവിതത്തിലേക്ക് അനാവശ്യമായി കടന്നുകയറാത്ത ഈ അന്തരീക്ഷം പ്രിയങ്കയ്ക്ക് വലിയ ആശ്വാസമാകുന്നു. “ആദ്യ ദിവസം തന്നെ ഇത് കണ്ട അയാന്, താനും ആ ഓഫീസിൽ അംഗീകരിക്കപ്പെടുമെന്ന് മനസ്സിലാകുന്നു. തുടർന്ന് തന്റെ പങ്കാളി മാനവിനോട് ആദ്യ ദിവസത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ‘ഇവിടെ എനിക്കെന്റെ സ്വന്തം ഇടം ലഭിച്ചതുപോലെ തോന്നുന്നു’ എന്നാണ് അയാൻ പ്രതികരിക്കുന്നത്.
ഏജൻസി09 ആശയരൂപീകരണവും രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ഓരോ ജീവനക്കാരന്റെയും കഥകൾ കേൾക്കാൻ തൊഴിലിടങ്ങൾ സജ്ജമാകുമ്പോൾ ദീപാവലി കൂടുതൽ ശോഭയുള്ളതായി മാറുന്നു എന്ന സന്ദേശമാണ് നൽകുന്നത്. ‘ആപ് റിഷ്‍തെ നിഭാവോ… റിവാസ് തോ സാത് ആ ഹി ജായേംഗേ’ എന്ന വരികളോടെയാണ് ചിത്രം അവസാനിക്കുന്നത്. ആഘോഷങ്ങളെ നിർവചിക്കുന്നത് ആചാരങ്ങളല്ല, മറിച്ച് വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളാണെന്ന് ഈ ഹ്രസ്വചിത്രം ഓർമ്മിപ്പിക്കുന്നു.
സെലിബ്രേറ്റിംഗ് അക്‌സെപ്റ്റൻസ് പരമ്പരയിലൂടെ വീടുകൾ മുതൽ അയൽപക്കങ്ങൾ വരെ സ്വീകാര്യത എങ്ങനെ പ്രകടമാകുന്നുവെന്ന് കഥകളിലൂടെ അവതരിപ്പിച്ചിട്ടുണ്ടെന്നും, ഈ പുതിയ ചിത്രത്തിലൂടെ ജോലിസ്ഥലങ്ങളിലെ ഉൾക്കൊള്ളലിനെക്കുറിച്ച് അർത്ഥവത്തായ ചർച്ചകൾക്ക് തുടക്കമിടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ബ്രാൻഡ് ഓഫീസറുമായ തന്യ ദുബാഷ് പറഞ്ഞു.
പുതിയ ജീവനക്കാരെ സ്വാഗതം ചെയ്യുന്ന രീതി, എല്ലാ ലിംഗക്കാർക്കുമുള്ള വാഷ്റൂം സൗകര്യങ്ങൾ, സ്വവർഗ്ഗ പങ്കാളി ആനുകൂല്യങ്ങൾ അംഗീകരിക്കുന്ന നയങ്ങൾ എന്നിവയിലാണ് ജോലിസ്ഥലത്തെ എൽ.ജി.ബി.ടി.ക്യു.ഐ.എ+ ഉൾക്കൊള്ളൽ അടങ്ങിയിരിക്കുന്നതെന്നും, ഈ ചിത്രം മികച്ചൊരു ഉൾക്കൊള്ളൽ സംസ്കാരത്തിന്റെ പ്രതീകമാണെന്നും ഗോദ്‌റെജ് ഡിഇഐ ലാബ് തലവൻ പർമേഷ് ഷാഹാനി പറഞ്ഞു.
ചിലപ്പോൾ ഉൾക്കൊള്ളൽ എന്നത് വലിയ പ്രഖ്യാപനങ്ങളല്ല മറിച്ച് ആരും തങ്ങൾ ആരാണെന്ന് വിശദീകരിക്കേണ്ടി വരാത്ത ഒരു സുരക്ഷിത ഇടം സൃഷ്ടിക്കലാണെന്ന് സംവിധായകൻ രാസ് റഹ്മാൻ അലി പറഞ്ഞു.


