തുളസി
വീടുകളില്‍ എളുപ്പത്തില്‍ വളര്‍ത്താവുന്ന ഔഷധ സസ്യമാണ് തുളസി. തുളസിയിലകളില്‍ നിന്നുള്ള ഗന്ധം കൊതുകുകളെയും മറ്റ് കീടങ്ങളെയും ഒരുപോലെ അകറ്റി നിര്‍ത്തും. വലിയ ശ്രദ്ധയോ പരിചരണമോ ആവശ്യമില്ലാത്തതിനാല്‍ കുറഞ്ഞ സ്ഥലമുള്ള വീടുകളിലും ബാല്‍ക്കണിയിലും ചട്ടികളില്‍ വെച്ച് എളുപ്പത്തില്‍ വളര്‍ത്താം.
ലാവെന്‍ഡര്‍
നമുക്ക് പ്രിയപ്പെട്ട ലാവെന്‍ഡറിന്റെ മനോഹരമായ സുഗന്ധം കൊതുകുകള്‍ക്ക് തീര്‍ത്തും അസഹനീയമാണ്. ഇതിലടങ്ങിയിരിക്കുന്ന ‘ലിനലൂള്‍’, ‘ലിനലൈല്‍ അസറ്റേറ്റ്’ തുടങ്ങിയ ഘടകങ്ങളാണ് കൊതുകുകളെ തുരത്താന്‍ സഹായിക്കുന്നത്. ഇതിന്റെ ഇലകള്‍ കൈകളില്‍ ചെറുതായി തിരുമ്മി തേക്കുന്നത് ഫലപ്രദമായ ഒരു പ്രകൃതിദത്ത റിപ്പല്ലന്റാണ്.
സിട്രോനെല്ല
കേരളത്തിലെ കാലാവസ്ഥയിൽ വേഗം വളരും. കൊതുകുകളെ അകറ്റി നിര്‍ത്താന്‍ ഏറ്റവും മികച്ച സസ്യമാണിത്. ഇതിന്റെ റിഫ്രഷിങ് ആയ നാരങ്ങ സുഗന്ധം മനുഷ്യരില്‍ നിന്ന് പുറത്തുവരുന്ന ഗന്ധങ്ങളെ മറയ്ക്കുകയും, തന്മൂലം കൊതുകുകള്‍ക്ക് നമ്മെ കണ്ടെത്താന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. സിട്രോനെല്ല ഓയില്‍ അടങ്ങിയിരിക്കുന്ന ഈ ചെടി സിറ്റൗട്ടുകളിലും പൂന്തോട്ടങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമാണ്.
ലെമണ്‍ ഗ്രാസ്
കൊതുക് നിവാരണ ഉത്പന്നങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ‘സിട്രോനെല്ല’ എണ്ണ ലെമണ്‍ ഗ്രാസിലും ധാരാളമായി അടങ്ങിയിട്ടുണ്ട്. വീടിനു ചുറ്റും അതിരായി വളര്‍ത്താനും തോട്ടങ്ങള്‍ക്ക് മനോഹാരിത നല്‍കാനും ഇത് ഒരുപോലെ സഹായിക്കുന്നു.
പുതിന
പുതിനയുടെ രൂക്ഷമായ മണം കൊതുകുകള്‍ക്ക് അത്ര ഇഷ്ടമല്ല. അടുക്കളത്തോട്ടത്തിലോ വീടിനുള്ളിലോ ചെറിയ ചട്ടികളില്‍ ഇവ വളരെ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാം. കണ്ടെയ്നര്‍ ഗാര്‍ഡനിങ്ങിന് ഏറ്റവും അനുയോജ്യമായ ഒന്നാണിത്.


