സ്വർണ പണയവുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ പുതിയ നയങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും
2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 85% വരെ വായ്പയായി ലഭിക്കും. 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ 80 ശതമാനവും 5 ലക്ഷത്തിനു മുകളിലുള്ളവയ്ക്ക് 75% എന്ന പരിധിയും ബാധകമാകും. ചുരുക്കത്തിൽ, ചെറുവായ്പകളിൽ വയ്ക്കുന്ന സ്വർണത്തിന് താരതമ്യേന ഉയർന്ന തുക വായ്പയായി ലഭിക്കും.
വായ്പാ കാലാവധി തീരുമ്പോൾ പലിശയും മുതലും ഒരുമിച്ച് അടച്ച് പണയവസ്തു തിരിച്ചെടുക്കുന്നതാണ് ബുള്ളറ്റ് റീപേയ്മെന്റ് ലോണുകൾ. വരുമാന ഉദ്ദേശത്തോടെയല്ലാതെ, അടിയന്തര, വ്യക്തിഗത ആവശ്യങ്ങൾക്കായി എടുക്കുന്ന ഇത്തരം വായ്പകൾ (12 മാസം കാലാവധി) പലിശയടച്ചു പുതുക്കുന്നതിന് തടസ്സമില്ല. എല്ലാത്തരം സ്വർണപ്പണയ വായ്പകളിലും കുടിശികയില്ലെങ്കിൽ മാത്രമേ പുതുക്കൽ അനുവദിക്കൂ.
പരമാവധി ഒരു കിലോഗ്രാം സ്വർണവും 10 കിലോഗ്രാം വരെ വെള്ളിയും മാത്രമേ വായ്പയ്ക്കായി പണയം വയ്ക്കാനാവൂ. സ്വർണനായങ്ങളെങ്കിൽ 50 ഗ്രാമും വെള്ളിനാണയമെങ്കിൽ 500 ഗ്രാമുമാണ് പരിധി.
പണയം വയ്ക്കുന്ന സ്വർണത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കുന്ന രേഖയോ സത്യവാങ്മൂലമോ നൽകണം. മോഷണമുതൽ പണയമായി വരുന്നത് ഒഴിവാക്കാനാണിത്.
വായ്പ തിരിച്ചടച്ചാൽ 7 പ്രവൃത്തിദിവസത്തിനകം സ്വർണം തിരികെ നൽകണം. വൈകിയാൽ പിന്നീടുള്ള ഓരോ ദിവസത്തിനും 5,000 രൂപ വീതം നഷ്ടപരിഹാരം നൽകണം.
ആഭരണങ്ങൾ, നാണയങ്ങൾ ഒഴികെയുള്ള സ്വർണവും വെള്ളിയും പണയത്തിനായി സ്വീകരിക്കില്ല.
സ്വർണത്തിന്റെ പരിശുദ്ധി കണക്കാക്കിയാണ് മൂല്യം നിശ്ചയിക്കേണ്ടത്. കഴിഞ്ഞ 30 ദിവസത്തെ വിലയും തലേന്നത്തെ ക്ലോസിങ് വിലയും പരിഗണിച്ച് ഇതിൽ ഏതാണോ കുറവ് അതനുസരിച്ചായിരിക്കണം മൂല്യനിർണയം.
ആഭരണത്തിലെ കല്ലുകളുടെയും മറ്റും മൂല്യം പരിഗണിക്കില്ല.
പരിശുദ്ധിയും തൂക്കവും കണക്കാക്കാൻ എല്ലാ ബ്രാഞ്ചുകളിലും ഒരേ രീതിയായിരിക്കണം. ഇതു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. പണയം വച്ച സ്വർണം നഷ്ടപ്പെട്ടാൽ നഷ്ടപരിഹാര വ്യവസ്ഥയടക്കം ഉപയോക്താവിനെ അറിയിക്കണം.
സ്വർണം സ്വീകരിക്കുമ്പോൾ തൂക്കം, പരിശുദ്ധി, ആഭരണങ്ങൾക്ക് തകരാറുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ, ചിത്രം എന്നിവ ചേർത്ത് സർട്ടിഫിക്കറ്റ് തയാറാക്കി ഉപയോക്താവിന് നൽകണം.
തിരിച്ചടവ് മുടങ്ങിയ വായ്പ ലേലത്തിലേക്കു പോകും മുൻപ് ആവശ്യത്തിന് സമയം നൽകണം. നോട്ടിസ് നൽകി ഒരു മാസം കഴിഞ്ഞു മാത്രമേ ലേലനടപടി ആരംഭിക്കാവൂ. ലേലത്തിന് വയ്ക്കുന്ന സാഹചര്യങ്ങളിൽ ഒരു പ്രാദേശിക മാധ്യമത്തിലും ഒരു ദേശീയ മാധ്യമത്തിലും പരസ്യം നൽകണം.




