ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ എം.ജി. റോഡിൽ അപകടകരമായി വാഹനാഭ്യാസം നടത്തിയ ലംബോർഗിനിക്ക് വ്യാജ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചതായി കണ്ടെത്തി. സംഭവത്തിൽ കാർ ഉടമ റിക്കി റായിക്കെതിരെ കബൺ പാർക്ക് ട്രാഫിക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ബെംഗളൂരുവിലെ മുൻ അധോലോക കുറ്റവാളിയായ മുത്തപ്പ റായിയുടെ മകനാണ് റിക്കി റായി. ശനിയാഴ്ച രാത്രി തിരക്കേറിയ നഗരത്തിൽ അപകടകരമായി വാഹനം ഓടിച്ചതിനെ തുടർന്ന് ലംബോർഗിനി പോലീസ് പിടിച്ചെടുത്തു.
ഡൽഹിയിൽ നിന്നാണ് കാർ വാങ്ങിയതെന്നും, കർണാടകയിൽ എത്തിച്ച ശേഷം റീ-രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. വ്യാജ ഫാൻസി നമ്പർ പ്ലേറ്റ് ഉപയോഗിച്ചാണ് വാഹനം നഗരത്തിൽ ഓടിച്ചതെന്നും കണ്ടെത്തി.
വാഹനാഭ്യാസത്തോടൊപ്പം വ്യാജ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചതിനും റിക്കിക്കെതിരെ പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തതായി കബൺ പാർക്ക് ട്രാഫിക് പോലീസ് അറിയിച്ചു.




