പാലക്കാട്: നെന്മാറ നിയോജക മണ്ഡലത്തിലെ സ്ട്രോങ്ങ് റൂം തുറന്നുവെന്ന വാർത്ത തെറ്റാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. 059- നെന്മാറ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമോ അതുമായി ബന്ധപ്പെട്ട മറ്റ് മുറികളോ തുറന്നിട്ടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.
സ്ട്രോങ്ങ് റൂം ഉള്ള കെട്ടിടത്തിൽ തന്നെ മറ്റു തെരഞ്ഞെടുപ്പ് രേഖകൾ സൂക്ഷിക്കുന്നതിന് വേർതിരിച്ച മുറി ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വോട്ടെണ്ണലിന് മുന്നോടിയായി എൻകോർ ഡാറ്റ തയ്യാറാക്കുന്നതിനായി ആ മുറി തുറക്കുന്നതിനെ കുറിച്ച് വരണാധികാരി മുൻകൂട്ടി സ്ഥാനാർത്ഥികളെ കത്ത് വഴി അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് സ്ഥാനാർത്ഥികളുടെ പ്രതിനിധികളും വീഡിയോഗ്രാഫി സംഘങ്ങളും സന്നിഹിതരാകുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിരുന്നു.
എന്നാൽ തെറ്റായ വാർത്തകൾ പ്രചരിച്ച സാഹചര്യത്തിൽ, ആ മുറി തുറക്കേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ റിട്ടേണിങ് ഓഫീസർക്ക് നിർദേശം നൽകി. വോട്ടെണ്ണൽ പൂർത്തിയാകുന്നതുവരെ, വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിലെ യാതൊരു മുറികളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതിയില്ലാതെ തുറക്കരുതെന്ന് എല്ലാ വരണാധികാരികൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പേരാമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം. നെന്മാറ മണ്ഡലത്തിലെ മെറ്റീരിയൽ റൂം തുറക്കാൻ എടുത്ത തീരുമാനം സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടിയിട്ടുണ്ട്.




