ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ മൂലം ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരുന്നു. രാജ്യത്തും ഇന്ധനവിലയിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. ബുധനാഴ്ച വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറിന് 195.50 രൂപ കൂടി. ഇതോടെ ഡൽഹിയിൽ 19 കിലോ സിലിണ്ടറിന്റെ വില 2,078.50 രൂപയായി.
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾ ഓരോ മാസവും ഒന്നാം തീയതി വില പുതുക്കാറുണ്ട്.
വിമാന ഇന്ധനമായ എ.ടി.എഫ് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഡൽഹിയിൽ കിലോലിറ്ററിന് 2,07,341.22 രൂപയായി ഉയർന്നത് ഇതാദ്യമാണ്. ഇതിനുമുമ്പ് 2022-ലെ റഷ്യ–ഉക്രൈൻ യുദ്ധകാലത്ത് രേഖപ്പെടുത്തിയ ഏകദേശം 1.1 ലക്ഷം രൂപയായിരുന്നു ഉയർന്ന നിരക്ക്.
വാണിജ്യ എൽ.പി.ജി വിലയിൽ തുടർച്ചയായ വർധന തുടരുകയാണ്. മാർച്ച് ഒന്നിന് ശേഷം മൂന്നാം തവണയും ഈ വർഷം അഞ്ചാം തവണയുമാണ് വില ഉയരുന്നത്.
പ്രീമിയം ഇന്ധനങ്ങളിലും വർധനവ് രേഖപ്പെടുത്തി. ഇന്ത്യൻ ഓയിലിന്റെ എക്സ്.പി 100 പെട്രോൾ ലിറ്ററിന് 149 രൂപയിൽ നിന്ന് 160 രൂപയായി ഉയർന്നു. കൂടാതെ എക്സ്ട്രാ ഗ്രീൻ ഡീസലിന്റെ വില 92.99 രൂപയായി. ഹിന്ദുസ്ഥാൻ പെട്രോളിയവും തങ്ങളുടെ പ്രീമിയം പെട്രോളിന് നേരത്തെ 2 രൂപ വർധിപ്പിച്ചിരുന്നു.
പശ്ചിമേഷ്യയിലെ സംഘർഷവും യുഎസ്–ഇറാൻ സംഘർഷാവസ്ഥയും മൂലമുള്ള അനിശ്ചിതത്വം ആഗോള ഊർജ്ജ വിതരണ ശൃംഖലയെ ബാധിച്ചതാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. ഗതാഗത ചെലവുകൾ വർധിച്ചതും ഈ സാഹചര്യം കൂടുതൽ രൂക്ഷമാക്കി.




