തിരുവനന്തപുരം: മഹാത്മാ ഗാന്ധിയെ ഏറ്റവും സ്വാധീനിച്ച സംസ്ഥാനമാണ് കേരളമെന്നും കേരളത്തില്‍ പുതിയ ഭരണസംവിധാനം വേണമെന്നും വയനാട് എംപി പ്രിയങ്കാ ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയന് മോദിക്കെതിരെ പോരാടുന്നുവെന്ന് പറയുമ്പോള്‍ തനിക്ക് ചിരിയാണ് വരുന്നതെന്ന് പറഞ്ഞ പ്രിയങ്ക, പിന്നെ എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ കേസുകള്‍ വരാത്തതെന്നും ചോദിച്ചു. കൊല്ലത്ത് നടന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരുന്നു പ്രിയങ്കയുടെ ചോദ്യങ്ങള്‍.
‘മുഖ്യമന്ത്രി ബിജെപിയോടൊപ്പം പങ്കുചേര്‍ന്നിരിക്കുന്നു. എല്‍ഡിഎഫും ബിജെപിയും അഴിമതിക്കാരാണ്. പ്രധാനമന്ത്രിയോടൊപ്പം പിണറായി ഡീലുകള്‍ ഉണ്ടാക്കുകയാണ്. കണ്ണുതുറന്ന് കാണൂ, കേരളത്തില്‍ പുതിയൊരു ഭരണസംവിധാനം വേണം. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വിഭവ ശേഷിയുളള സംസ്ഥാനമാണ് കേരളം. മാറ്റം കൊണ്ടുവരാനുളള അവസരം നിങ്ങളുടെ കയ്യിലാണ്. നമ്മളെ സംരക്ഷിക്കേണ്ട ആളുകളുടെ മോഹം അധികാരം മാത്രമാണ്. മുഖ്യമന്ത്രി ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയിരിക്കുകയാണ്. മോദി ട്രംപുമായി പല ഡീലുകളും ഉണ്ടാക്കി. ട്രംപിന് മുന്നില്‍ തലകുനിച്ച് നില്‍ക്കുകയാണ് അദ്ദേഹം’- പ്രിയങ്ക ഗാന്ധി പറഞ്ഞു.












