ബംഗളൂരു: റോഡ് തടസപ്പെടുത്തിയതു ചോദ്യം ചെയ്ത ഡെലിവറി ബോയ്ക്ക് നേരെ ക്രൂരമായ ആക്രമണം. സത്യനഗർ സ്വദേശിയായ അപ്പു (23) എന്ന യുവാവിനാണ് കുത്തേറ്റത്. ബനസവാഡിയിൽ ജോലി കഴിഞ്ഞ് രാത്രി 10 മണിയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. ഐ ക്രോസ് റോഡിൽ തടിച്ചുകൂടി നിന്ന നാലംഗ സംഘം യുവാവിന് കടന്നുപോകാൻ വഴി നൽകിയില്ല. തുടർന്ന് അപ്പു ഹോൺ മുഴക്കി വഴി ചോദിച്ചതോടെ സംഘത്തിൽ നിന്ന് പ്രകോപനം ഉണ്ടായി.
തുടർന്നുണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് മാറുകയും സംഘത്തിലൊരാൾ യുവാവിന്റെ നെഞ്ചിന്റെ ഇടത് ഭാഗത്ത് കത്തികൊണ്ട് കുത്തുകയുമായിരുന്നു. യുവാവിന്റെ നിലവിളി കേട്ട് നാട്ടുകാരും യാത്രക്കാരും ഓടിയെത്തിയതോടെ അക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.പരിക്കേറ്റ അപ്പുവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






