ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. അന്വേഷണത്തിൽ നാസിക്കിലെ ഒരു വിദ്യാർഥിക്ക് യഥാർത്ഥ ചോദ്യപേപ്പർ ലഭിച്ചെന്ന സംശയം ശക്തമായി. ചൊവ്വാഴ്ച അറസ്റ്റിലായ ശുഭം ഖൈർനാർ 10 ലക്ഷം രൂപ നൽകിയാണ് ചോദ്യപേപ്പർ വാങ്ങിയതെന്ന് അന്വേഷണസംഘം കണ്ടെത്തി.
രാജസ്ഥാൻ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) നടത്തിയ പ്രാഥമിക അന്വേഷണം പിന്നീട് സിബിഐക്ക് കൈമാറിയിരുന്നു. തുടർന്നാണ് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. നീറ്റ് പരീക്ഷയുടെ യഥാർത്ഥ ചോദ്യപേപ്പർ തന്നെയാണ് ചോർന്നതെന്ന സംശയം ഇപ്പോൾ ശക്തമാകുകയാണ്.
നാസിക്കിലെ വിദ്യാർഥിയിൽ നിന്ന് ചോദ്യപേപ്പർ പിന്നീട് ഗുരുഗ്രാമിലെ മറ്റൊരു വിദ്യാർഥിക്ക് 15 ലക്ഷം രൂപയ്ക്ക് നൽകിയതായും കണ്ടെത്തി. തുടർന്ന് ചോദ്യപേപ്പർ പല സംസ്ഥാനങ്ങളിലേക്കും പ്രചരിച്ചു. രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ബിഹാർ, ജമ്മു കശ്മീർ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ചോദ്യപേപ്പർ എത്തിയതായി അന്വേഷണസംഘം പറയുന്നു. കേസുമായി ബന്ധപ്പെട്ട് 180 പരീക്ഷാർഥികളെയും അവരുടെ രക്ഷിതാക്കളെയും എസ്ഒജി ചോദ്യം ചെയ്തിട്ടുണ്ട്. മെയ് 3-നാണ് നീറ്റ് യു.ജി. പരീക്ഷ നടന്നത്.
ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് പരീക്ഷ റദ്ദാക്കിയതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. സിബിഐ ഇപ്പോൾ ചോദ്യപേപ്പർ ചോർന്ന ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.






