കല്‍പ്പറ്റ: കേരളത്തില്‍ മുഖ്യമന്ത്രി തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ, വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റര്‍ പ്രതിഷേധം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ മാപ്പ് തരില്ലെന്നും, വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകളിലെ മുന്നറിയിപ്പ്. വയനാട് ഡി സി സി ഓഫീസിന് സമീപമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
രാഹുലും പ്രിയങ്കയും വയനാടിനെ മറന്നേക്കൂ. ഇവിടെ നിന്നും ഇനി നിങ്ങള്‍ ജയിക്കില്ല. കേരളം മറ്റൊരു അമേഠി ആയിരിക്കും. സുരക്ഷിത സീറ്റ് തേടി ഇങ്ങോട്ടേക്ക് വരേണ്ടതില്ല. ഇതൊരു ഭീഷണി പോസ്റ്റര്‍ അല്ലെന്നും വിഡ്ഢിത്തത്തിന് കേരളം ഒരിക്കലും നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും പോസ്റ്ററിലുണ്ട്. കെ സി വേണുഗോപാല്‍ നിങ്ങളുടെ പെട്ടി തൂക്കി നടക്കുന്നയാളായിരിക്കും. പക്ഷെ കേരള ജനത നിങ്ങള്‍ക്ക് മാപ്പ് തരില്ല എന്നിങ്ങനെയെല്ലാം ആരുടേയും പേരില്ലാതെ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ പറയുന്നു.






