തിരുവനന്തപുരം: ലൈംഗിക അതിക്രമത്തിന് പരാതി നൽകിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചട്ടവിരുദ്ധമായി സ്ഥലംമാറ്റിയെന്ന ആരോപണം. ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കാതെയാണ് ഉദ്യോഗസ്ഥയെ കൊല്ലത്ത് നിന്ന് കൊച്ചി സിറ്റിയിലേക്ക് മാറ്റിയത് എന്നാണ് പരാതി.
കോൺഗ്രസ് അനുകൂല പൊലീസ് സംഘടനാ നേതാവിൽ നിന്നാണ് ഉദ്യോഗസ്ഥയ്ക്ക് ലൈംഗിക അതിക്രമം നേരിട്ടതെന്നാണ് ആരോപണം. സംഭവത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന നവാസിനെതിരെ ചവറ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
സ്ഥലംമാറ്റത്തിനെതിരെ പരാതിക്കാരി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയിട്ടുണ്ട്. അതേസമയം കേസിലെ പ്രതിയായ ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ പിൻവലിച്ച് മാതൃജില്ലയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരിക്കെതിരായ സ്ഥലംമാറ്റ നടപടി ഉണ്ടായതെന്നാണ് ആരോപണം.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് വരെ നവാസ് സസ്പെൻഷനിലായിരുന്നു. പിന്നീട് സർവീസിൽ തിരിച്ചെടുത്ത ഇയാളെ മാതൃജില്ലയായ ആലപ്പുഴയിൽ ട്രാഫിക് വിഭാഗത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ നവംബറിലാണ് സംഭവം നടന്നത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫീസറെ ലൈംഗിക അതിക്രമം ലക്ഷ്യമിട്ട് കടന്നുപിടിച്ചെന്നാണ് കേസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും ചില മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നവാസിനെ സംരക്ഷിക്കാൻ ശ്രമിച്ചെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു.
കേസിൽ മതിയായ വകുപ്പുകൾ ഉൾപ്പെടുത്താതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും പരാതിയുണ്ട്. തൊഴിലിടത്തിലെ അതിക്രമമായതിനാൽ പോഷ് നിയമപ്രകാരമുള്ള നടപടി സ്വീകരിച്ചില്ലെന്നും ആരോപണം ഉയർന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്ന ആരോപണവും അന്വേഷണവിധേയമാണ്.




