ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ സുഹൃത്തായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞെന്ന കേസിൽ തഹസിൽ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫത്തേഹാബാദ് തഹസിലിൽ ലേഖ്പാലായി ജോലി ചെയ്യുന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ടതായി സംശയിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്താൻ പുഴയിൽ തിരച്ചിൽ തുടരുകയാണ്.
ആഗ്രയിലെ ബാഹ് മേഖലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള യുവതി നൂരി ദർവാസ പരിസരത്ത് താമസിച്ചാണ് പഠിച്ചിരുന്നത്. ഇതിനിടെയാണ് സ്വന്തം ഗ്രാമവാസിയും ഫത്തേഹാബാദ് തഹസിൽ ജീവനക്കാരനുമായ യുവാവുമായി സൗഹൃദത്തിലായത്. പഠിക്കാനെന്ന പേരിൽ വീട്ടിൽനിന്ന് ഇറങ്ങുന്ന യുവതി ഫത്തേഹാബാദിൽ ഇയാൾ വാടകയ്ക്ക് എടുത്ത മുറിയിലാണ് പലപ്പോഴും താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
അഞ്ച് മാസം മുമ്പാണ് യുവാവിന്റെ വിവാഹം കഴിഞ്ഞത്. തുടർന്ന് ഇയാൾക്ക് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് ഭാര്യ അറിഞ്ഞതോടെ കുടുംബത്തിൽ തർക്കങ്ങൾ ഉടലെടുത്തു. അതേസമയം, തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയും ഇയാളിൽ സമ്മർദം ചെലുത്തിയിരുന്നതായാണ് വിവരം.
സെപ്റ്റംബർ 23ന് യുവതി ഫത്തേഹാബാദിലെ ഇയാളുടെ വാടകമുറിയിലെത്തി. സെപ്റ്റംബർ 29, 30 തീയതികളിൽ രാത്രിയിൽ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ഇതിനിടെ യുവതിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് പരിഭ്രാന്തനായ പ്രതി മൃതദേഹം കാറിൽ കയറ്റി ബടേശ്വർ മേഖലയിലേക്ക് കൊണ്ടുപോയി. യുവതിയുടെ വസ്ത്രങ്ങളും ബാഗും ഉപേക്ഷിച്ച ശേഷം മൃതദേഹം പുഴയിൽ തള്ളിയെന്നാണ് റിപ്പോർട്ട്.
യുവതിയെ ദിവസങ്ങളായി കാണാതാവുകയും ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരിക്കുകയും ചെയ്തതോടെ പിതാവ് എം.എം ഗേറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിനിടെ നടത്തിയ ഫോൺ വിവര പരിശോധനയിലാണ് യുവതിക്ക് തഹസിൽ ജീവനക്കാരനുമായുള്ള ബന്ധം പൊലീസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിൽ യുവതിയുടെ മൃതദേഹം ബാഹ് മേഖലയിലെ പുഴയിൽ തള്ളിയതായി ഇയാൾ മൊഴി നൽകിയെന്ന് ഈസ്റ്റ് ഡിസിപി സയ്യിദ് അലി അറിയിച്ചു. മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.


