കണ്ണൂർ: സഹകരണ വാരാഘോഷത്തിനിടെ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് മനു തോമസ്. പയ്യന്നൂരിൽ അരങ്ങേറിയത് മാടമ്പിത്തരത്തിന്റെ പുതിയ വേർഷനാണെന്ന് മനു തോമസ് ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
‘അടിക്കേണ്ടവർ അടിക്കും, എന്നാൽ പറയേണ്ടവർ പറഞ്ഞുകൊണ്ടേയിരിക്കും. ഏത് ജയിക്കുമെന്ന് കാലം തെളിയിച്ചിട്ടുണ്ട്’ എന്നായിരുന്നു മനു തോമസിന്റെ പ്രതികരണം. പയ്യന്നൂരിന്റെ ചരിത്രത്തിൽ കുഞ്ഞികൃഷ്ണന് മാത്രമല്ല, എ.കെ.ജിക്കും മർദനവും അവഹേളനവും നേരിടേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.
മാടമ്പികളുടെ കൈയിൽനിന്നാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതെന്നും പയ്യന്നൂരിൽ നടന്നത് അതിന്റെ പുതിയ രൂപമാണെന്നും മനു തോമസ് ആരോപിച്ചു. എഴുത്തുകാരൻ സക്കറിയയെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ കൈയേറ്റം ചെയ്യാൻ മടിക്കാത്ത പ്രത്യേകതരം ഫാസിസ്റ്റ് വിരുദ്ധന്മാരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വിമർശിച്ചു.
പ്രതിപക്ഷ നേതാവിനോ മുഖ്യമന്ത്രി പിണറായി വിജയനോ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോ മറ്റേതെങ്കിലും നേതാവിനോ പൊതുവേദിയിൽ സംസാരിക്കുമ്പോൾ സമാനമായ അനുഭവമുണ്ടായാൽ എന്തായിരിക്കും സംഭവിക്കുകയെന്നും ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ ആലോചിക്കണമെന്നും മനു തോമസ് പറഞ്ഞു.
പയ്യന്നൂർ കണ്ടോത്ത് നടന്ന സഹകരണ വാരാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസപ്പെട്ടത്. എംഎൽഎയുടെ പിഎയെ സിപിഐഎം സഹകരണ സംഘം ഭാരവാഹികൾ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്.
തളിപ്പറമ്പ് സർക്കിൾ യൂണിയന്റെ വാരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടകനായി ആദ്യം സ്ഥലം എംഎൽഎ വി. കുഞ്ഞികൃഷ്ണനെ തീരുമാനിച്ചിരുന്നില്ല. പകരം നഗരസഭാ ചെയർമാനെയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനെച്ചൊല്ലി നേരത്തെ വിവാദം ഉയർന്നിരുന്നു. പിന്നീട് മന്ത്രി ഇടപെട്ടാണ് എംഎൽഎയെ ഉദ്ഘാടകനാക്കണമെന്ന് നിർദേശം നൽകിയതെന്നാണ് റിപ്പോർട്ട്.


