ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഐക്കോണിക് ഏഴാം നമ്പർ ജേഴ്സി പിൻവലിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ്. ധോണി ഐപിഎൽ കരിയറിന് വിരാമമിട്ടതിന് പിന്നാലെയാണ് ഫ്രാഞ്ചൈസിയുടെ നിർണായക നീക്കം. ‘ടെലഗ്രാഫ് ഇന്ത്യ’യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2008-ൽ സിഎസ്കെയുടെ ആദ്യ സൈനിംഗായി ടീമിലെത്തിയതു മുതൽ ഏഴാം നമ്പർ ജേഴ്സിയണിഞ്ഞാണ് ധോണി കളത്തിലിറങ്ങിയത്. ചെന്നൈയുടെ 17 വർഷത്തെ ഐപിഎൽ യാത്രയിലും റൈസിംഗ് പൂനെ സൂപ്പർജയന്റ്സിനായി കളിച്ച രണ്ട് സീസണുകളിലും അദ്ദേഹം ഏഴാം നമ്പർ നിലനിർത്തി.
ധോണിയുടെ നേതൃത്വത്തിൽ അഞ്ച് ഐപിഎൽ കിരീടങ്ങളാണ് ചെന്നൈ സ്വന്തമാക്കിയത്. ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺവേട്ടക്കാരൻ കൂടിയാണ് അദ്ദേഹം. ‘തല’ എന്ന വിളിപ്പേരിനൊപ്പം ഏഴാം നമ്പറും ആരാധകർക്ക് വലിയൊരു വികാരമായി മാറിയിരുന്നു. ജേഴ്സി നമ്പർ പിൻവലിക്കുന്നതോടെ ഇനി സിഎസ്കെയിലെ മറ്റൊരു താരത്തിനും ഏഴാം നമ്പർ അണിയാനാകില്ല.
2020-ൽ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചപ്പോൾ അദ്ദേഹത്തോടുള്ള ആദരസൂചകമായി ബിസിസിഐയും ഏഴാം നമ്പർ ജേഴ്സി പിൻവലിച്ചിരുന്നു.
ഏഴാം നമ്പർ തിരഞ്ഞെടുക്കാനുള്ള കാരണവും ധോണി മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ജൂലൈ ഏഴിനാണ് അദ്ദേഹത്തിന്റെ ജനനം. ഏഴാം മാസത്തിലെ ഏഴാം തീയതി എന്നതിനൊപ്പം, ജനിച്ച വർഷമായ 1981-ലെ അവസാന അക്കങ്ങൾ തമ്മിലുള്ള വ്യത്യാസവും ഏഴാണെന്നതാണ് നമ്പർ തിരഞ്ഞെടുക്കാൻ പ്രചോദനമായത്.
ഐപിഎൽ ചരിത്രത്തിൽ ഇതിന് മുൻപും താരങ്ങളോടുള്ള ആദരസൂചകമായി ഫ്രാഞ്ചൈസികൾ ജേഴ്സി നമ്പറുകൾ പിൻവലിച്ചിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കറുടെ പത്താം നമ്പർ ജേഴ്സി മുംബൈ ഇന്ത്യൻസ് പിൻവലിച്ചിരുന്നു. 2023-ൽ എബി ഡിവില്ലിയേഴ്സിന്റെ 17-ാം നമ്പറും ക്രിസ് ഗെയ്ലിന്റെ 333-ാം നമ്പറും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഒഴിവാക്കി.
ഏറ്റവും ഒടുവിൽ ആന്ദ്രെ റസ്സലിനോടുള്ള ആദരസൂചകമായി 2026-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും അദ്ദേഹത്തിന്റെ 12-ാം നമ്പർ ജേഴ്സി പിൻവലിച്ചതായാണ് റിപ്പോർട്ട്. ഇതോടെ ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരങ്ങളുടെ പട്ടികയിൽ ധോണിയുടെ ഏഴാം നമ്പറും ഇനി ഓർമയുടെ ഭാഗമായി മാറും.


