തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകനായിരുന്ന മണ്ണന്തല സ്വദേശി രഞ്ജിത്തിനെ (27) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒൻപത് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം കഠിനതടവും 95,000 രൂപ വീതം പിഴയും വിധിച്ച് കോടതി. ഒന്നാം പ്രതിക്കും പതിനൊന്നാം പ്രതിക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും വിധിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജി ആർ. സുധാകാന്താണ് ശിക്ഷ വിധിച്ചത്.
2008 ഒക്ടോബർ 17ന് നടന്ന കൊലപാതകത്തിൽ 18 വർഷത്തിന് ശേഷമാണ് കോടതി വിധി വന്നിരിക്കുന്നത്. കേസിൽ ആകെ 12 പ്രതികളാണുള്ളത്. രണ്ടാം പ്രതിയായ നാരായണൻകുട്ടി വിചാരണ നേരിട്ടിരുന്നില്ല. ഒളിവിൽ കഴിയുന്ന ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചന നടത്തിയവരും ഉൾപ്പെടെ വിചാരണ നേരിട്ട പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി കൃഷ്ണകുമാറിനും പതിനൊന്നാം പ്രതി ഗോപാലൻ സുരേഷിനുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
കോട്ടമുകളിലെ വിനായക ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് കടയിൽ വെച്ചാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. 2008 ഒക്ടോബർ 17ന് പുലർച്ചെ 5.50ഓടെ രണ്ട് കാറുകളിലും ബൈക്കുകളിലുമായി എത്തിയ സംഘം വെട്ടുകത്തിയും കൊടുവാളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രഞ്ജിത്തിന്റെ ശരീരത്തിൽ 47 മുറിവുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ശംഖുമുഖത്തെ വാടകവീട്ടിൽ വെച്ചാണ് കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൃത്യത്തിന് തലേദിവസം പ്രതികൾ സ്ഥലവും പരിസരവും നിരീക്ഷിച്ച ശേഷമാണ് ആക്രമണം നടത്തിയത്.
ഒന്നാം പ്രതി കൃഷ്ണകുമാറിന്റെ കൈയിലെ മുറിവും നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജപേരിൽ ചികിത്സ തേടിയതും കേസിൽ നിർണായക തെളിവായി. കേസിൽ 41 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 155 രേഖകളും 75 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി.
വിചാരണയ്ക്കിടെ ചില സാക്ഷികൾ കൂറുമാറുകയും ഒരു പൊലീസ് ഉദ്യോഗസ്ഥൻ മൊഴി മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഓട്ടോ ഡ്രൈവറുടെയും പാൽ വാങ്ങാനെത്തിയ വ്യക്തിയുടെയും മൊഴികൾ പ്രോസിക്യൂഷന് സഹായകമായി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കലിന്റെ നേതൃത്വത്തിലാണ് പ്രോസിക്യൂഷൻ ഹാജരായത്.


