പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി പമ്പയിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കില്ലെന്ന് ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തീർത്ഥാടകർക്കായി ഈ പ്രധാന നിർദേശം പങ്കുവെച്ചത്.
ദർശനത്തിനായി എത്തുന്നവർ കഴിയുന്നതും വെർച്വൽ ക്യൂ വഴി മുൻകൂട്ടി ബുക്ക് ചെയ്ത് മാത്രം യാത്ര തിരിക്കണം. ഏതെങ്കിലും സാഹചര്യത്തിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന തീർത്ഥാടകർ, നിലയ്ക്കൽ ബേസ് ക്യാമ്പിലെത്തി സ്പോട്ട് ബുക്കിംഗ് പൂർത്തിയാക്കിയ ശേഷം മാത്രമേ പമ്പയിലേക്ക് വരാവൂ. സ്പോട്ട് ബുക്കിംഗിനായി പമ്പയിലെത്തിയ ശേഷം വീണ്ടും നിലയ്ക്കലിലേക്ക് തിരികെ പോകേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ തീർത്ഥാടകർ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.


