അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തിന് സമീപത്തെ സ്പിൽവേ കനാലിൽ പുഴമീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കോര, കൂരി, കരിമീൻ, കണമ്പ് തുടങ്ങിയ മീനുകളാണ് കൂടുതലായി ചത്തനിലയിൽ തീരത്തടിഞ്ഞത്.
ചത്ത മീനുകൾ അഴുകിയതോടെ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. ഇത് പ്രദേശവാസികളുടെ ആരോഗ്യത്തിന് ഭീഷണിയാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ഇടപെട്ട് ചത്ത മീനുകൾ ഉടൻ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
രണ്ടുദിവസം മുമ്പ് മുതലാണ് മീനുകൾ ചത്തുപൊങ്ങുന്നത് നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും ശ്രദ്ധയിൽപ്പെട്ടത്. ചിലർ ചത്ത മീനുകൾ വാരി വിൽപ്പന നടത്തിയതായും നാട്ടുകാർ പറയുന്നു.
വിവരം തോട്ടപ്പള്ളി തീരദേശ പൊലീസിനെയും ഫിഷറീസ് വകുപ്പിനെയും അറിയിച്ചു. ഫിഷറീസ് വകുപ്പ് മീനുകളുടെ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ച ശേഷമേ മീനുകൾ ചത്തുപൊങ്ങിയതിന്റെ യഥാർഥ കാരണം വ്യക്തമാകൂ. ചത്ത മീനുകൾ വാരി വിൽക്കരുതെന്ന് തീരദേശ പൊലീസും ഫിഷറീസ് വകുപ്പും മുന്നറിയിപ്പ് നൽകി.
സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്ന സമയത്ത് പുഴമീനുകൾ പൊഴിമുഖത്തെ കനാലിലേക്ക് എത്താറുണ്ട്. കടലിൽ പോളക്കറ വ്യാപകമായിട്ടുണ്ടെന്നും ഇത് പുഴമീനുകളുടെ നിലനിൽപ്പിന് ഭീഷണിയാണെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. എന്നാൽ പോളക്കറ കടൽ മത്സ്യങ്ങളെ ബാധിക്കാറില്ലെന്നും മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി.




