നഗോയ: രണ്ടാഴ്ച്ചയോളം ഏഷ്യയിലെ വീരന്മാർ കൊമ്പുകോർത്ത ജപ്പാൻ ഏഷ്യൻ ഗെയിംസിന് പര്യവസാനം. സമാപന ചടങ്ങുകൾക്ക് ശേഷം ഗെയിംസ് അവസാനിച്ചതായി ഔദ്യോഗികമായി അറിയിച്ചു. അടുത്ത ഏഷ്യൻ ഗെയിംസ് 2030ൽ ഖത്തറിലെ ദോഹയിലാണ്. സമാപനചടങ്ങിൽവെച്ച് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) പതാകയുടെ കൈമാറ്റം നടന്നതോടെ ഖത്തറിലെ അടുത്ത ഏഷ്യൻ ഗെയിംസിലേക്കുള്ള യാത്രയ്ക്ക് തുടക്കമായി.
1951-ൽ ന്യൂഡൽഹിയിൽ നടന്ന ആദ്യ ഏഷ്യൻ ഗെയിംസിലെ ദീപശിഖയും പതാകയും സ്റ്റേഡിയത്തിലേക്ക് പ്രദർശിപ്പിച്ചതിന് ശേഷം ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിക്ക് കൈമാറി. 2020-ലെ ഒളിമ്പിക് ചാമ്പ്യനും മൂന്ന് തവണ ലോക ചാമ്പ്യനുമായ ഖത്തറിന്റെ ഹൈജമ്പ് താരം മുതാസ് ഐസ ബർഷിമിന് ഒസിഎ പതാക കൈമാറി. പിന്നാലെ ഖത്തറിന്റെ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ ഇന്ത്യൻ ഷൂട്ടിങ് താരം നീരു ദണ്ഡയാണ് ഇന്ത്യയുടെ പതാക വഹിച്ചത്.
ഇത്തവണ 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവും ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ് എത്തിയത്. ഉസ്‌ബെകിസ്താനും 21 സ്വർണ മെഡലുകൾ ലഭിച്ചെങ്കിലും വെള്ളിയുടെ എണ്ണം കൂടുതലായതിനാൽ ഇന്ത്യ മുന്നിലെത്തുകയായിരുന്നു. 169 സ്വർണ മെഡലോടെ ചൈന ഒന്നാം സ്ഥാനത്തും 83 സ്വർണത്തോടെ ജപ്പാൻ രണ്ടാം സ്ഥാനത്തും 39 സ്വർണം നേടിയ ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തുമാണ്.


