ന്യൂഡല്ഹി: അടുത്ത സാമ്പത്തിക പ്രതിസന്ധി ഒരു ബാങ്കിൽ നിന്നോ സാമ്പത്തിക മേഖലയിൽ നിന്നോ തന്നെ ആരംഭിക്കണമെന്നില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സൈബർ ആക്രമണങ്ങൾ, സാങ്കേതിക തകരാറുകൾ തുടങ്ങിയവ ആഗോള സാമ്പത്തിക സംവിധാനത്തിൽ വലിയ പ്രതിസന്ധിക്ക് വഴിവെക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒക്ടോബർ മൂന്നിന് നടന്ന അഞ്ചാമത് കൗടില്യ ഇക്കണോമിക് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ആർബിഐ ഗവർണർ. ആഗോള സാമ്പത്തിക സ്ഥാപനങ്ങളും വിപണികളും സാങ്കേതിക സംവിധാനങ്ങളും രാജ്യങ്ങളും തമ്മിലുള്ള പരസ്പരബന്ധം വർധിച്ചതോടെ സാമ്പത്തിക മേഖലയിലെ അപകടസാധ്യതകളുടെ സ്വഭാവത്തിലും വലിയ മാറ്റമുണ്ടായതായി മൽഹോത്ര പറഞ്ഞു.
പുതിയ തലമുറയിലെ സാമ്പത്തിക അപകടസാധ്യതകളാണ് നിലവിൽ രൂപപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം അപകടങ്ങൾ ഒരു രാജ്യത്തിന്റെയോ മേഖലയുടെയോ അതിരുകളിൽ ഒതുങ്ങുന്നില്ല. ഒരു രാജ്യത്ത് ഉണ്ടാകുന്ന പ്രതിസന്ധി അതിവേഗം മറ്റ് രാജ്യങ്ങളിലേക്കും സാമ്പത്തിക വിപണികളിലേക്കും വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള കടബാധ്യത വലിയ ആശങ്ക
ആഗോള കടബാധ്യതയാണ് ആർബിഐ ഗവർണർ ചൂണ്ടിക്കാട്ടിയ പ്രധാന അപകടസാധ്യതകളിലൊന്ന്. ആഗോള കടം-ജിഡിപി അനുപാതം ഉയർന്ന നിലയിലാണ്. അതേസമയം, കടങ്ങളുടെ കാലാവധി കുറയുകയും സർക്കാർ ബോണ്ടുകളുടെ യീൽഡ് ഉയരുകയും ചെയ്തിട്ടുണ്ട്.
ഇത് സർക്കാരുകളുടെ ധനകാര്യ ഇടപെടലുകൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം കമ്പനികളുടെ കടം തിരിച്ചടയ്ക്കുന്നതിനുള്ള സമ്മർദവും വർധിപ്പിക്കാം. ഉയർന്ന പലിശനിരക്ക് ദീർഘകാലം തുടരുകയാണെങ്കിൽ സാമ്പത്തിക മേഖലയിലെ ദുർബലതകൾ കൂടുതൽ പ്രകടമാകാനും സാധ്യതയുണ്ടെന്ന് മൽഹോത്ര പറഞ്ഞു.
സൈബർ ആക്രമണവും ഭീഷണി
ഭാവിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു സൈബർ ആക്രമണം പോലും തുടക്കമാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സാമ്പത്തിക സ്ഥാപനങ്ങൾ ഡിജിറ്റൽ സംവിധാനങ്ങളുമായി ഏറെ അടുത്ത് ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ, ഒരു സാങ്കേതിക തകരാർ പോലും ബാങ്കിങ്, പണമിടപാട് സംവിധാനങ്ങൾ, ഓഹരി വിപണികൾ തുടങ്ങിയ മേഖലകളെ ഒരേസമയം ബാധിച്ചേക്കാം.
ഒരു രാജ്യത്തിന്റെ സൈബർ സുരക്ഷാ സംവിധാനത്തിലെ ദൗർബല്യം അതിർത്തിക്കപ്പുറത്തേക്കും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നും മൽഹോത്ര വ്യക്തമാക്കി.
പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയ്ക്കും വെല്ലുവിളി
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഉയരുന്ന ചരക്ക് വിലയും ബാഹ്യമേഖലയിലെ സമ്മർദങ്ങളും ഇന്ത്യയ്ക്കും വെല്ലുവിളിയാണെന്ന് ആർബിഐ ഗവർണർ പറഞ്ഞു.
എന്നാൽ ശക്തമായ സ്ഥൂല സാമ്പത്തിക അടിത്തറയും താരതമ്യേന ശക്തമായ സാമ്പത്തിക സംവിധാനവും ഇന്ത്യയ്ക്ക് ആഗോള ആഘാതങ്ങളെ നേരിടാനുള്ള കരുത്ത് നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ഓഹരി വിപണിയിൽ അടുത്തിടെ തിരുത്തൽ ഉണ്ടായെങ്കിലും അത് ക്രമരഹിതമായ തകർച്ചയായി മാറിയിട്ടില്ലെന്നും മൽഹോത്ര പറഞ്ഞു. രാജ്യത്തെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ മേഖലയും ശക്തമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




