മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിച്ച് ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ‘മായൻ’ ചിത്രീകരണം പൂർത്തിയാക്കി. 2026 ഡിസംബർ 3-ന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ‘മായൻ ചാപ്റ്റർ 1’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ ‘ബിയോണ്ട് ദ ഷാഡോസ്’ എന്നാണ്.
നൈല ഉഷ നായികയാകുന്ന ചിത്രത്തിൽ വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയസൂര്യ ഒരു പോലീസ് ഓഫീസറായി വേഷമിടുന്ന ചിത്രം ഒരു മിസ്റ്ററി ത്രില്ലറാണെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.
റഷ്യയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയത്. അതിനുശേഷമാണ് കേരളത്തിലെ ചിത്രീകരണം ആരംഭിച്ചത്. സൂപ്പർ ഹിറ്റ് ചിത്രം ‘കളങ്കാവലി’നു ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മായൻ ചാപ്റ്റർ 1’. ‘ഓർഡിനറി’, ‘അനാർക്കലി’ എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം രാജീവ് ഗോവിന്ദൻ നിർമിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്. റാഫിയും ജിതിൻ കെ.ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.




