ദുബായ് : സൗദിയടക്കം വിവിധ ഗൾഫ് നാടുകളിൽ ഇന്ന് ദുൽഹിജ്ജ മാസപ്പിറ നിരീക്ഷിക്കും. യുഎഇ, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഇന്ന് ദുൽഹിജ്ജ മാസപ്പിറ നിരീക്ഷിക്കും. മാസം കണ്ടാൽ മേയ് 18 തിങ്കളാഴ്ച ദുൽഹിജ്ജ ഒന്നായിരിക്കും. മേയ് 27 ബലിപെരുന്നാളുമാകും. മാസം കണ്ടില്ലെങ്കിൽ ദുൽഖഅ്ദ 30 ദിവസം പൂർത്തിയാക്കും. ദുൽഹിജ്ജ മേയ് 19 ന് ആരംഭിക്കും. ഇന്ന് മാസപ്പിറ നിരീക്ഷിക്കാൻ സൗദി സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ദുൽഹിജ്ജ മാസപ്പിറ നിരീക്ഷിക്കാനായി ഒമാനിലെ സുപ്രീം കമ്മിറ്റി ഇന്ന് വൈകുന്നേരം യോഗം ചേരും. എൻഡോവ്മെന്റ്‌സ് ആൻഡ് റിലീജിയസ് അഫയേഴ്സ് മന്ത്രാലയത്തിലെ ജനറൽ ദിവാനിലാണ് സുപ്രീം കമ്മിറ്റി യോഗം ചേരുക. മാസപ്പിറ കണ്ടാൽ ബലിപെരുന്നാൾ അവധി സംബന്ധിച്ച് പ്രഖ്യാപനവുമുണ്ടാകും.
ഇന്ന് വൈകുന്നേരം ദുൽഹിജ്ജ മാസപ്പിറ നിരീക്ഷിക്കുമെന്ന് ദൃശ്യമാകുന്നതായി യുഎഇയിലെ എമിറേറ്റ്സ് കൗൺസിൽ ഫോർ ഫത്വ നേരത്തെ അറിയിച്ചിരുന്നു. യുഎഇയിലെ ദേശീയ നിരീക്ഷണാലയങ്ങളുമായും കേന്ദ്രങ്ങളുമായും ഏകോപിപ്പിച്ചാണ് മാസപ്പിറ നിരീക്ഷണം നടത്തുകയെന്നും കൗൺസിൽ അറിയിച്ചിരുന്നു.




