ഉണ്ടാക്കിയ ചോറ് എടുത്ത് വെച്ച് പിന്നീട് ഉപയോഗിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വേവിക്കാത്ത അരിയില്‍ ബാസിലസ് സിറിയസ് എന്ന ഒരു ബാക്ടീരിയ ഉണ്ട്. സാധാരണ പാചകം ചെയ്യുന്ന താപനിലയില്‍ ഇവ നശിച്ചു പോകില്ല. ഇവ സ്‌പോര്‍ട്‌സ് അഥവാ ബീജകോശങ്ങളുണ്ടാക്കും. ഈ പ്രത്യേക ബാക്ടീരിയയുടെ ബീജകോശങ്ങള്‍ ചൂടിനെ പ്രതിരോധിക്കും.
വേവിച്ച ചോറ് സാധാരണ താപനിലയില്‍ വയ്ക്കുമ്പോള്‍ നാലു മണിക്കൂര്‍ കഴിഞ്ഞാല്‍ ഈ ബീജകോശങ്ങള്‍ (spores) ഇരട്ടിക്കാന്‍ തുടങ്ങും. ഇവ ഉത്പാദിപ്പിക്കുന്ന വിഷാംശങ്ങള്‍ വീണ്ടും ചൂടാക്കുമ്പോള്‍ നശിക്കില്ല. ഇത്തരത്തിലുള്ള ഭക്ഷ്യവിഷബാധയെ ‘റീഹീറ്റഡ് റൈസ് സിന്‍ഡ്രോം’ അല്ലെങ്കില്‍ ‘ഫ്രൈഡ് റൈസ് സിന്‍ഡ്രോം’ എന്നു വിളിക്കുന്നു. ബാക്കി വന്ന ചോറ് ഏറെ നേരം റെഫ്രിജറേറ്ററിന് പുറത്തു വയ്ക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
ഓക്കാനം, ഛര്‍ദി, വയറു വേദന, വയറിളക്കം, ക്ഷീണം, ചെറിയ പനി എന്നിവയെല്ലാമാണ് ലക്ഷണങ്ങള്‍.
വെറുതെ ചോറ് ചൂടാക്കുകയല്ല ചെയ്യേണ്ടത്. വേവിച്ചയുടന്‍ തണുപ്പിച്ച് ഒന്നോ രണ്ടോ മണിക്കൂറിനകം തന്നെ റഫ്രിജറേറ്ററില്‍ നല്ല അടപ്പുള്ള പാത്രത്തില്‍ വയ്ക്കണം.
5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള താപനിലയില്‍ റഫ്രിജറേറ്ററില്‍ വയ്ക്കാം. റഫ്രിജറേറ്ററില്‍ സൂക്ഷിച്ച ഭക്ഷണം 24 മണിക്കൂറിനുള്ളില്‍തന്നെ ഉപയോഗിക്കണം. ഏറെ നേരം സാധാരണ താപനിലയില്‍ ചോറ് വയ്ക്കുന്നത് ഒഴിവാക്കണം.
വേവിച്ച ചോറ് വീണ്ടും ചൂടാക്കുമ്പോള്‍ ചോറിന്റെ എല്ലാ ഭാഗവും നന്നായി ആവി കയറുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വേവിച്ച ചോറ് ഒരു തവണ മാത്രമേ വീണ്ടും ചൂടാക്കാവൂ. വേവിച്ച ശേഷവും വീണ്ടും ചൂടാക്കിയ ശേഷവും ഉടന്‍ തന്നെ ചോറ് കഴിക്കണം.


