റിയാദ്: മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്ന വിമാന സർവീസുകൾ സൗദിയ ഭാഗികമായി പുനരാരംഭിക്കുന്നു. ഏപ്രിൽ 11 മുതൽ ദുബായ്, അബുദാബി, അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുക്കപ്പെട്ട സർവീസുകൾ വീണ്ടും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ജിദ്ദയിൽ നിന്ന് ദുബായ് (SV588), അമ്മാൻ (SV631), അബുദാബി (SV570) എന്നിവിടങ്ങളിലേക്കും, തിരിച്ച് ദുബായ്–ജിദ്ദ (SV589), അമ്മാൻ–ജിദ്ദ (SV632), അബുദാബി–ജിദ്ദ (SV571) സർവീസുകളും പുനരാരംഭിക്കും.
മേഖലയിലെ സാഹചര്യം പരിഗണിച്ച് വിമാന സമയക്രമത്തിൽ മാറ്റങ്ങൾ വരാനിടയുള്ളതിനാൽ, യാത്രയ്ക്കുമുമ്പ് ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർലൈൻ യാത്രക്കാരോട് നിർദേശിച്ചു. കൂടുതൽ സർവീസുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു.




