ദില്ലി: പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ദേശീയപാതകളിലെ ടോൾ നിരക്കുകൾ വർധിപ്പിച്ചു. ഏപ്രിൽ 1 മുതൽ രാജ്യത്തെ പ്രധാന പാതകളിൽ 3 മുതൽ 5 ശതമാനം വരെ വർധനയാണ് പ്രാബല്യത്തിൽ വന്നത്. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ, ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ, സാറ്റലൈറ്റ് ടൗൺ റിങ് റോഡ്, കനകപുര റോഡ്, കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡ് എന്നിവിടങ്ങളിലൊക്കെയും പുതിയ നിരക്കുകൾ ബാധകമാണ്.
ബല്ലാരി റോഡിലെ സദഹള്ളി ടോൾ പ്ലാസയിൽ കാറുകളുടെ ഒരുവശ യാത്ര നിരക്ക് മാറ്റമില്ലാതെ 120 രൂപയായിരിക്കുമ്പോൾ, റിട്ടേൺ യാത്ര 180ൽ നിന്ന് 185 രൂപയായി. ചെറിയ ചരക്ക് വാഹനങ്ങൾക്കും മിനി ബസുകൾക്കും 5 രൂപ വർധിച്ചു. ട്രക്കുകളും ബസുകളും 5 മുതൽ 15 രൂപ വരെ അധികം നൽകണം.
സാറ്റലൈറ്റ് ടൗൺ റിങ് റോഡിലും ടോൾ നിരക്കിൽ വർധനവുണ്ടായി. നെല്ലൂർ-ദേവനഹള്ളി, ഹുലികുണ്ടെ പ്ലാസകളിൽ കാറുകളുടെ നിരക്കുകൾ 5 രൂപ വീതം കൂട്ടി. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയിലെ ചില ഭാഗങ്ങളിലും ടോൾ പരിഷ്കരിച്ചു. നിലവിൽ പാതയുടെ ഒരു ഭാഗം മാത്രമാണ് പ്രവർത്തനക്ഷമമായതിനാൽ സാധാരണ ദേശീയപാത നിരക്കുകളാണ് ഈടാക്കുന്നത്.
ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ കാറുകളുടെ ടോൾ 5 രൂപ കൂടി. ഇതോടെ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള ഒരുവശ യാത്രയ്ക്ക് ഏകദേശം 355 രൂപ ചെലവാകും.
ടോൾ വർധന ബിഎംടിസി ബസ് സർവീസുകളെയും ബാധിച്ചേക്കും. പ്രത്യേകിച്ച് വിമാനത്താവളത്തിലേക്കുള്ള സർവീസുകളിൽ യാത്രക്കാർക്ക് കൂടുതൽ ചെലവ് വരാൻ സാധ്യതയുണ്ട്.




