ലക്ഷദ്വീപിലെ കുട്ടി ആരാധകനെ നേരിൽ കണ്ട് സർപ്രൈസ് നൽകി റാപ്പർ ഡബ്സി. വിഡിയോ കോളിലൂടെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കരഞ്ഞ കുട്ടിയെയാണ് ഡബ്സി നേരിൽ പോയി കണ്ടത്. ഡബ്സിയെ കണ്ടതോടെ കുട്ടി ആരാധകൻ സന്തോഷം കൊണ്ട് കരയാൻ തുടങ്ങി. അതു കണ്ട് ‘എന്നെ അത്രയ്ക്ക് ഇഷ്ടമാണോ’ എന്ന് ഡബ്സി കുട്ടിയോട് ചോദിക്കുന്നുണ്ട്. ‘അതെ’ എന്ന് കുട്ടി മറുപടി പറയുമ്പോൾ എന്നാൽ കെട്ടിപിടിക്ക് എന്ന് പറഞ്ഞ് ഡബ്സി കുട്ടിയെ കെട്ടിപിടിച്ച് ഉമ്മ കൊടുക്കുന്നതും വിഡിയോയിൽ കാണാം.
തുടർന്ന് കുട്ടി ആരാധകന് ഓട്ടോഗ്രാഫും നൽകിയാണ് ഡബ്സി മടങ്ങിയത്. ‘ഏറ്റവും പ്രിയപ്പെട്ട സുഹൈദ്, ഒരുപാട് ഉയരങ്ങൾ ജീവിതത്തിൽ നിനക്ക് പടച്ചോൻ വാരി ചൊരിഞ്ഞ് തരട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു’, എന്നാണ് ഓട്ടോഗ്രാഫിൽ ഡബ്സി കുറിച്ചത്.
വലിയ പ്രേക്ഷക ശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. കണ്ണ് നിറയ്ക്കുന്നതാണ് വിഡിയോ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ‘ആ മോന്റെ കളങ്കമില്ലാത്ത സ്നേഹത്തിനു മുമ്പിൽ ഡബ്സി ഒന്നുമല്ലാതായിപ്പോയി’ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ‘ഡബ്സിയെ പോലെ നിഷ്കളങ്കനായ ഒരാളെ കണ്ടിട്ടില്ല’, ‘നിങ്ങൾ ഇത്ര സിംപിൾ ആയിരുന്നോ മനുഷ്യ’, ‘നിങ്ങൾ മുത്താണ്’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള മറ്റ് കമന്റുകൾ.




